ഹല്ലാ. മലയാളത്തില്‍ ഒരു ബ്ലോഗ് വേണം എന്ന് കുറെ കാലമായി വിചാരിക്കുന്നു. പക്ഷെ മേല്പറഞ്ഞ ‘വിദ്യുതഗണനയന്ത്രപരസ്പരബന്ധിതശൃംഖലപ്രബന്ധരചനതല്പത്തിനു’ എന്ത് പേര് കൊടുക്കും എന്നതായിരുന്നു പ്രശ്നം. അങ്ങനെ ഇരുന്നപ്പോഴാണ് ഒരു സുഹൃത്ത് നാട്ടില്‍ കവലയില്‍ എന്തോ അടിപിടി നടന്ന കാര്യം പറഞ്ഞത്. ഏതോ രാഷ്ട്രീയകാരുടെ കവല പ്രസംഗത്തിന്റെ പരിണിതഫലം ആയിരുന്നു അത്. അപ്പോളാണ് മനസ്സില്‍ ഒരു ലഡ്ഡു പൊട്ടിയത്! കവല! കവല പ്രസംഗം!
മലയാളിയുടെ ജീവിതവുമായി അഭേദ്യബന്ധമാണ് കവലകല്ക്കുള്ളത്. തമ്മില്‍ കാണാനും കത്തി വെയ്ക്കാനും, എല്ലാം പ്ലാന്‍ ചെയ്യാനും, ബന്ധങ്ങള്‍ സ്ഥാപിക്കാനും മുറിക്കാനും, രാഷ്ട്രീയം, സിനിമ, ഗോസ്സിപ്പ്, ജോലി, ബിസിനസ്, ഭാര്യയുടെ കുറ്റം, മക്കളുടെ അഡ്മിഷന്, ഒബാമയുടെ നയതന്ത്രം, തെക്കേതിലെ സുന്ദരിയുടെ മുടിനീളം മുതല്‍ ലേറ്റസ്റ്റ് പീഡനം വരെ എന്തും ചൂട് മാറാതെ ചര്‍ച്ച ചെയ്യാനും, രണ്ട് അടിക്കാനും അടി കിട്ടാനും തെറി വിളിക്കാനും ജനറല്‍ അലമ്പ് കാണിക്കാനും, പിന്നെ അരി, പച്ചകറി ആദിയായ പലവ്യഞ്ജനങ്ങള്‍ വാങ്ങിക്കാനും എന്ന് വേണ്ട എല്ലാത്തിനും മലയാളിക്ക് കവലയെ ആശ്രയിക്കണം. നഗരവാസിയല്ലാത്ത മലയാളിയുടെ ‘സോഷ്യല്‍ ലൈഫ്’ ഏതാണ്ട് പൂര്‍ണമായും അടുത്ത ‘കവലയെ’ ചുറ്റിപറ്റിയാണ് നിലനില്‍ക്കുന്നത്.
ഈ കവലകില് നിന്നാണ് കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉടലെടുത്തതും വളര്‍ന്നതും. നഗരങ്ങളില്‍ നിന്നല്ല. ഈ കവലകളില്‍ നടന്ന അര്‍ത്ഥശൂന്യമായ ‘കവല പ്രസംഗങ്ങളില്‍’ നിന്നാണ്. അങ്ങനെ ആണ് കവല പ്രസംഗം എന്നാ വാക്ക് ഉണ്ടായത് തന്നെ. ‘പൊള്ളയായ, ശബ്ദം കൂട്ടിയുള്ള, അര്‍ത്ഥശൂന്യമായ വാക്ക് കച്ചേരി’ എന്ന് വേണമെങ്ങില്‍ ഇതിനു പറയാം. അതില്‍ നിന്നും പ്രചോദനം ഉള്കൊണ്ടാതാണ് ഈ ബ്ലോഗ്.
കേരളത്തെ കുറിച്ചും, മലയാളത്തെ കുറിച്ചും, മലയാളിയെ കുറിച്ചും ഉള്ള ധാരാളം ഉള്കാഴച് നിറഞ്ഞ കുറിപ്പുകള്‍ ഇവിടെ നിന്ന് പ്രതീക്ഷിക്കാം. കവല പ്രസംഗത്തിന്റെ ഭാഷയില്‍
വായിക്കുക.
നന്ദിയോടെ,
വടക്കൂസ്




