ലോട്ടറി ‘അടിക്കുന്നു’, കേരളം കൊള്ളുന്നു. ഭാഗം 1

Posted on 15 December 2010 by vadakkus

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഒന്നിന് പിറകെ ഒന്നായി വെളിച്ചത്തു വന്നുകൊണ്ടിരിക്കുന്ന കേരളത്തിലെ ലോട്ടറിക്കച്ചവട സത്യങ്ങള്‍ പരിശോധിച്ചുനോക്കിയാല്‍, കേരളത്തില്‍ എന്തോ കാര്യമായ കുഴപ്പമുണ്ടോ എന്ന് സംശയിച്ചുപോകും. ഇതിനുള്ള കാരണങ്ങള്‍ പലതാണ്. അതിനു മുമ്പായി, ഈ ‘ലോട്ടറി തട്ടിപ്പ് വിവാദം’ കേരളത്തിലെ ‘അന്യസംസ്ഥാന ലോട്ടറിക്കച്ചവടത്തെ’ കുറിച്ച് നമ്മളെ ബോധ്യപ്പെടുത്തിയത്:

  • അന്യസംസ്ഥാന ലോട്ടറിയുടെ നടത്തിപ്പ് ഫുള്‍ വെട്ടിപ്പാണ്.
  • വലിയൊരു ശതമാനം ടിക്കറ്റുകളും വ്യാജമാണ്.
  • ഈ ബിസിനെസ്സില്‍ ആരും നികുതി അടക്കുന്നില്ല.
  • ഇനി അഥവാ ‘അടിച്ചാല്‍’ തന്നെ, സമ്മാനത്തുക നിങ്ങളുടെ കയ്യില്‍ കിട്ടണമെന്നില്ല.

ചുരുക്കത്തില്‍, ആരോ എവിടുന്നോ ടിക്കറ്റ്‌ അടിച്ചിറക്കുന്നു, ആരോ വിതരണം ചെയ്യുന്നു, വേറെ ആരോ വില്‍ക്കുന്നു, എവിടെയോ നറുക്കെടുപ്പു നടക്കുന്നു, ആര്‍ക്കൊക്കെയോ സമ്മാനം ലഭിക്കുന്നു (ഉണ്ടായിരിക്കാം). പൊതുജനം വെറുതെ പണം ലോട്ടറിക്കാരന് സംഭാവന കൊടുക്കുന്നു. (വ്യാജ ടിക്കറ്റുകളിലെ നമ്പറുകള്‍ എങ്ങനെയായാലും നറുക്കെടുപ്പില്‍ വരുന്നില്ലല്ലോ)

എല്ലാ തട്ടിപ്പ് കേസുകളിലും നടക്കുന്നതു പോലുള്ള പരസ്പര ആരോപണങ്ങളും വാക്പയറ്റുകളും പ്രസ്താവനമത്സരങ്ങളും ആരെയൊക്കെയോ ബോധ്യപ്പെടുത്താന്‍ ഉണ്ടെന്നു പോലെയുള്ള അന്വേഷണ-നടപടി-സസ്പെന്‍ഷന്‍ നാടകങ്ങളും എല്ലാം മുറപോലെ നടന്നു. എന്നാല്‍, ഇവിടെ അതിശയിപ്പിക്കുന്ന കാര്യം ഇതാണ്: കേരളം കണ്ടിട്ടുള്ള മറ്റു ‘പൊതുജന തട്ടിപ്പുകേസുകളില്’ നിന്നും വ്യത്യസ്തമായി (ആട്, ചിട്ടി, മാഞ്ചിയം, etc), ഈ വിവരങ്ങള്‍ എല്ലാം പുറത്തു വന്നിട്ടും ലോട്ടറികളുടെ വില്‍പ്പനയ്ക്ക് യാതൊരു കോട്ടവും വന്നിട്ടില്ല. കൂടിയിട്ടുണ്ടെങ്കിലേ ഉള്ളു. ഈ കാരണം കൊണ്ട് തന്നെ, യഥാര്‍ത്ഥ പ്രതികള്‍ തട്ടിപ്പ് നടത്തുന്നവരാണോ അതോ തട്ടിപ്പിനിരയായ പൊതു ‘കഴുത’ ജനമാണോ എന്ന് സംശയം തോന്നിപോകും.

ആദ്യം പറഞ്ഞത് പോലെ, കേരളത്തിലെ ‘പ്രബുദ്ധരായ’ ജനങ്ങള്‍ക്ക്‌ ഈ കാര്യത്തില്‍ കാര്യമായ എന്തോ കുഴപ്പമുണ്ട്. ഇത്രയധികം കോലാഹലമുണ്ടാക്കി  എല്ലാ മാധ്യമങ്ങളിലും ’അന്യസംസ്ഥാന ലോട്ടറികള്‍ തട്ടിപ്പാണ്’ എന്ന വാര്‍ത്തകള്‍ നിറഞ്ഞുനിന്നിട്ടും, ഇതിനെക്കുറിച്ച് എല്ലാം അറിഞ്ഞിട്ടും, ഇതൊന്നും നടക്കുന്നില്ല എന്ന് നടിച്ചു സാക്ഷരകേരളം പിന്നെയും അന്യസംസ്ഥാന ലോട്ടറികള്‍ വാങ്ങിച്ചു കൂട്ടി കയ്യിലുള്ള പണം വെറുതെ എറിഞ്ഞു കളയുന്നു. “ഞാന്‍ വെട്ടിപ്പിനിരയാവാന്‍ തയ്യാറാണ്” എന്ന് പറഞ്ഞു കാശുമായി ചെന്ന് നിന്ന് കൊടുത്താല്‍ പിന്നെ എന്ത് ചെയ്യും? കുറച്ചുനാള്‍ ഈ ലോട്ടറികള്‍ കിട്ടാതായപ്പോള്‍ ബ്ലാക്കില്‍ ഇവ വാങ്ങിക്കാന്‍ വന്‍ തിരക്കായിരുന്നത്രേ! കഷ്ടം!

കേരളത്തില്‍ ജനങ്ങള്‍ കുടിച്ചു നശിക്കുന്നു എന്ന് വിലപിക്കാന്‍ BBC മുതല്‍ ദീപിക വരെ എല്ലാവര്ക്കും ഭയങ്കര താല്പര്യമാണ്. എന്നാല്‍ ഈ വിപത്തിനെക്കുറിച്ച് പറയാന്‍ ഒരുത്തനുമില്ല. വെള്ളമടിച്ചാല്‍ തലയ്ക്കെങ്കിലും പിടിക്കും. ഇതോ? ഒരിക്കലും വരാത്ത പണത്തിനായി ശ്രമിച്ചു കയ്യിലുള്ള കാശും കൂടി വെറുതെ പോകുന്നു. എന്താണിതിനു കാരണം? ലോട്ടറി യുടെ അടി കൊള്ളാനായി കേരളം പുറം കാണിച്ചുകൊടുക്കുന്നതെന്തിനാണ്?

ഇതിനുള്ള കാരണങ്ങള്‍ വരുന്നു – ഭാഗം 2 വായിക്കുക

Advertise Here
Advertise Here