മറ്റു പല അറബ് രാജ്യങ്ങളിലും എന്ന പോലെയല്ല ലിബിയയില്‍ നടക്കുന്ന പ്രശ്നങ്ങള്‍. സ്വെച്ച്ചാധിപതിയായ ഗദ്ദാഫി, സമരം ചെയ്യുന്ന സ്വന്തം ജനത്തിനെതിരെ സൈന്യത്തെ അഴിച്ചു വിടുന്നതായിട്ടു റിപ്പോര്‍ട്ടുകള്‍, ഈ അരക്ഷിതാവസ്ഥ മുതലെടുത്ത് നിയമവാഴ്ച തകര്‍ന്നു കൊള്ളയും കൊലയും എങ്ങും വ്യാപകം. എന്താണ് ഈ കലാപങ്ങളുടെ കാരണങ്ങള്‍ എന്നതിലെക്കൊന്നും ഈ പോസ്റ്റില്‍ കടക്കുന്നില്ല, പകരം അവിടെ കഴിയുന്ന ഇന്ത്യക്കാരെ കുറിച്ചാണ്.
ഇന്ത്യ സര്‍ക്കാര്‍, ലിബിയയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കാന്‍ ആവുന്നതെല്ലാം ചെയ്യുന്നുന്ടെന്നത് നല്ല കാര്യം! കഴിഞ്ഞ ദിവസം ആദ്യത്തെ ‘രക്ഷാ ഫ്ലൈറ്റില്‍’ ഡല്‍ഹി വഴി കൊച്ചിയില്‍ എത്തിയവരില്‍ ചിലര്‍ ലിബിയയില്‍ എന്താണ് നടക്കുന്നതെന്ന് വിവരിക്കുന്നത് മനോരമയില്‍ വായിച്ചു. ആകെ കൂടെ ഞെട്ടിപ്പിക്കുന്ന കഥകള്‍ ആണ് എല്ലായിടത്തും. “കൊള്ളസംഘങ്ങള്‍ എല്ലായിടത്തും”, “കൊള്ള എതിര്‍ക്കുന്നവരെ വെട്ടിനുറുക്കി കൊലപ്പെടുത്തുന്നു”, “വെടിവയ്പ്പും തീവയ്പ്പും വ്യാപകം”. “ആളുകള്‍ വീടുകള്‍ക്കുള്ളില്‍ ഒളിച്ചു കഴിയുന്നു”, “കത്തി കഴുത്തില്‍ വച്ച് ഭീഷണിപ്പെടുത്തി” എന്നൊക്കെ. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഭൂമിയിലെ നരകം, യുദ്ധക്കളം. അതിനു ശേഷം അവരില്‍ ഒരാള്‍ പറഞ്ഞത്രേ: “കാര്യങ്ങള്‍ താമസിയാതെ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. അങ്ങനെയാണെങ്കില്‍ ഉടന്‍ തിരിച്ചു പോണം.” ഇതും കൂടി വായിച്ചപ്പോള്‍ ആശ്ചര്യവും അത്ഭുതവും തോന്നി. ഇത് പോലൊരു നരകത്തിലേക്ക് എന്തിനു അറിഞ്ഞുകൊണ്ട് തിരിച്ചു പോകണം?
ലിബിയ പോലൊരു രാജ്യത്ത് 31 വര്‍ഷമായി കഴിയുന്ന ഇന്ത്യക്കാര്‍, മലയാളികള്‍, ഉണ്ടെന്നു കേട്ടപ്പോള്‍ തന്നെ ആശ്ചര്യം തോന്നി. ലിബിയയെക്കുറിച്ച് മുന്‍പും കേട്ടിട്ടുള്ളതെല്ലാം ഭയപ്പെടുത്തുന്ന കഥകള്‍ മാത്രമാണ്. (ഇവിടെ വായിക്കു) അവിടുത്തുകാര്‍ക്ക് പോലും മനുഷ്യാവകാശങ്ങള്‍ ഇല്ല, ഭരണാധികാരികള്‍ ജനങ്ങളെ വേട്ടയാടുന്നു, പീഡിപ്പിക്കുന്നു, രാജ്യത്തെ കൊള്ളയടിക്കുന്നു, എന്നൊക്കെ. അങ്ങനെയാണെങ്കില്‍ വിദേശികളുടെ കാര്യം പറയാനുണ്ടോ? ശമ്പളം പോലും കൊടുക്കുന്നില്ലത്രേ.
ചോദ്യം ഇതാണ്: ഈത്തരത്തില്‍ അടിയറവു പറഞ്ഞു കഷ്ടപ്പെട്ട് ഇതിനാണ് അവിടെ കഴിയുന്നത്? സ്വന്തം രാജ്യത്ത് ഇപ്പോള്‍ അവസരങ്ങളുടെ കൂമ്പാരങ്ങള്‍ ആണ്. ഇന്ത്യ മാറിയ വിവരം ഇവര്‍ അറിഞ്ഞില്ലെന്നുണ്ടോ? അല്ലെങ്കില്‍ കുറേകൂടെ സ്വാതന്ത്ര്യവും ജീവിതസൌകര്യങ്ങളും അവകാശങ്ങളും ഉള്ള മറ്റു അറബ് രാജ്യങ്ങളിലെക്കെങ്കിലും മാറിക്കൂടെ? ഇനി ഉത്തര കൊറിയയില്‍ മലയാളികള്‍ ഉണ്ടെന്നു കേട്ടാല്‍ പോലും അതിശയം തോന്നില്ല.
ആരെയും വിധിക്കാന്‍ ഞാന്‍ ആളല്ല, അവരുടെ ഇഷ്ടം, അത് മാനിക്കുന്നു. എന്നിരുന്നാലും കൂടി മെച്ചപ്പെട്ട ജീവിത സൌകര്യങ്ങള്‍ വേറെ ഇടങ്ങളില്‍ ഉണ്ടെന്നിരിക്കെ, എന്തിനു സ്വയം ജീവിതം ഇങ്ങനെ ബലികൊടുക്കണം?






