സ്റ്റാന്‍ഡേര്‍ഡ് ഗേജ് റോക്കറ്റ് ടെക്നോളജി

Posted on 10 February 2012 by

വിവരമില്ലായ്മ ഒരു കുറ്റമില്ല. പക്ഷെ സ്വന്തം വിവരമില്ലായ്മ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കി അവരെക്കൂടി തെറ്റിദ്ധരിപ്പിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്. അതും, ഒരുപാടാളുകള്‍ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ദിനപ്പത്രത്തില്‍ നിന്നാകുമ്പോള്‍. മാതൃഭൂമി, അവര്‍ക്കുവേണ്ടി എഴുതുന്ന ആളുകളെ ഒന്ന് വിലയിരുത്തിയാല്‍ നന്നായിരിക്കും, പ്രത്യേകിച്ചും സാങ്കേതികപരമായി അവര്‍ക്കുള്ള അറിവിനെക്കുറിച്ച്. കഴിഞ്ഞ ദിവസം പത്രത്തില്‍ പ്രത്യക്ഷപ്പെട്ട ഈ റിപ്പോര്‍ട്ട്‌ ആണ് ഈ പോസ്റ്റ്‌ എഴുതന്നുള്ള ആധാരം.

കൊച്ചി മെട്രോ റെയിലിന്  “സ്റ്റാന്‍ഡേര്‍ഡ് ഗേജ് സാങ്കേതികവിദ്യ” ആണ് ഉപയോഗിക്കാന്‍ പോകുന്നതത്രേ. എഴുതിയിരിക്കുന്നത് വായിച്ചാല്‍, ഈ സ്റ്റാന്‍ഡേര്‍ഡ് ഗേജ് എന്ന് പറഞ്ഞാല്‍ ഏതോ റോക്കറ്റ് വിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന എന്തോ വലിയ സങ്കീര്‍ണമായ സാങ്കേതികവിദ്യ (ടെക്നോളജി) ആണെന്ന് തോന്നും. അമേരിക്ക, ബ്രിട്ടന്‍, സിംഗപ്പൂര്‍, ബീജിംഗ്, മാദ്രിദ് എന്ന് വേണ്ട, ലോകത്തില്‍ 60 ശതമാനത്തോളം റെയില്‍വേ ലൈനുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ് സംവിധാനം ആണ് ഉപയോഗിക്കുന്നത്, ഡല്‍ഹി മെട്രോയില്‍ പോലും ഇത് ഉപയോഗിച്ചിട്ടുണ്ട് എന്നൊക്കെ വലിയ വായില്‍ എഴുതി വച്ചിട്ടുണ്ട്. അത് മാത്രമല്ല, ഇത് ഉപയോഗിച്ചാല്‍ യാത്രക്കാര്‍ വളരെയേറെ സുരക്ഷിതര്‍ ആകുമെന്നും, മെട്രോ കോച്ചുകള്‍ക്കുള്ളില്‍ സീ സീ ഡീ ക്യാമറ, അകത്തും പുറത്തും ഡിജിറ്റല്‍ ബോര്‍ഡുകള്‍, കലവഷ്ടാ നിയന്ത്രണ സംവിധാനങ്ങള്‍, മൊബൈല്‍, ലാപ്ടോപ് ചാര്‍ജ് ചെയ്യാന്‍ ഉള്ള സൗകര്യം എന്നതെല്ലാം “സ്റ്റാന്‍ഡേര്‍ഡ് ഗേജ് ” സംവിധാനത്തിന്റെ സവിശേഷതകള്‍ ആണത്രേ.

ഈ മണ്ടത്തരങ്ങള്‍ എല്ലാം വായിച്ചു തലയില്‍ കായി വച്ച് ഇരുന്നു പോയി. നമ്മളില്‍ പലരും കുട്ടിക്കാലത്ത് നമുക്ക് പ്രിയപ്പെട്ട സാധാരണ കാര്യങ്ങളില്‍ അമാനുഷികമായ ഹീറോയിസം കണ്ടെത്താന്‍ ശ്രമിക്കുമായിരുന്നല്ലോ. അതാണ്‌ എനിക്ക് ഓര്മ വന്നത്. ഇത് എഴുതിയ ആള്‍ ഒരു “സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആരാധകന്‍” (hero worshipper) ആണെന്ന് തോന്നുന്നു. അല്ലാതെ, ഒരു അളവിന്റെ അംശത്തെ (unit) ഊതിപ്പെരുപ്പിച്ചു ഒരു തികഞ്ഞ സാങ്കേതികവിദ്യ ആക്കി മാറ്റാന്‍ നടത്തിയ ശ്രമങ്ങളെ വേറെ ഒന്നും ആയി കാണാന്‍ കഴിയുന്നില്ല.

റെയില്‍വേ ഭാഷ്യത്തില്‍ ഗേജ് എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് എത്ര കുഴങ്ങിയ സങ്കീര്‍ണ്ണമായ രീതിയില്‍ പറയാന്‍ ശ്രമിച്ചാലും ഇത്രയേ ഉള്ളു: “ഒരേ ട്രാക്കിലെ രണ്ടു റെയില്‍ പാളങ്ങള്‍ തമ്മില്‍ ഉള്ള ദൂരം.” സത്യമായിട്ടും അത്രയേ ഉള്ളു. പാളങ്ങള്‍ തമ്മില്‍ ഉള്ള ദൂരവ്യത്യാസം അനുസരിച്ച് ഗേജുകള്‍ പലതരം: ബ്രോഡ്‌ ഗേജ്  (1676 mm), സ്റ്റാന്‍ഡേര്‍ഡ് ഗേജ് (1435 mm), മീറ്റര്‍ ഗേജ് (1000 m), നാരോ ഗേജ് (760 mm) അങ്ങനെ ഇന്ത്യയില്‍ സുലഭം. എന്നാല്‍, പ്രധാനമായും ബ്രോഡ്‌ ഗേജ് തന്നെയാണ് (80%) ഇന്ത്യയില്‍ ഉപയോഗിക്കുന്നത്, നമ്മള്‍ കാണുന്ന ട്രെയിനുകളെല്ലാം ഓടുന്നത് ബ്രോഡ്‌ ഗേജ് ട്രാക്കുകളിലാണ്. കേരളത്തില്‍ ഈ അടുത്തകാലം വരെ കൊല്ലം – പുനലൂര്‍ പാത മാത്രം മീറ്റര്‍ ഗേജ് ആയിരുന്നു. അതും ബ്രോഡ്‌  ഗേജ് ആയി മാറ്റി. ഗേജ് എന്നത് സാങ്കേതികവിദ്യ ഒന്നുമല്ല, ഒരു അളവ് മാത്രമാണ്. ഉപയോഗിക്കാന്‍ പോകുന്ന റെയില്‍വേയുടെ സ്ഥലകാല സാഹചര്യങ്ങളും എന്തിനു വേണ്ടി ആണോ ഉപയോഗിക്കാന്‍ പോകുന്നത് എന്നുതുടങ്ങിയുള്ള കാര്യങ്ങള്‍ക്ക് ഏതാണോ അനുയോജ്യം എന്നൊക്കെ നോക്കിയാണ്  ഗേജ് തെരഞ്ഞെടുക്കുന്നത് . മാക്സിമം ആളുകളെ ട്രാന്‍സ്പോര്‍ട്ട് ചെയ്യാനും കടുത്ത കാലവര്‍ഷം താങ്ങാനും ഏറ്റവും അനുയോജ്യം ബ്രോഡ്‌ ഗേജ് ആണ്, അതുകൊണ്ട് ഇന്ത്യയില്‍ ഇതുപയോഗിക്കുന്നു. വികസിത രാജ്യങ്ങളില്‍ കൂടുതലായും സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആണുപയോഗിക്കുന്നത്. കാരണം റെയില്‍വേയുടെ പിതാവ് ബ്രിടീഷുകാരന്‍ റോബര്‍ട്ട്‌ സ്ടീഫെന്‍സണ്‍ കണ്ടുപിടിച്ചതാണിത്. ഡല്‍ഹി മെട്രോ പ്രധാനമായും ബ്രോഡ്‌ ഗേജ് ആണ്. ബാംഗ്ലൂര്‍ മെട്രോ ആകട്ടെ, സ്റ്റാന്‍ഡേര്‍ഡ് ഗേജും. സ്ഥലം കിട്ടാനില്ലാത്തത് കൊണ്ടാണ് ഇതെന്ന് നേരത്തെ പ്രസ്താവന ഉണ്ടായിരുന്നു.

മേല്‍പ്പറഞ്ഞ ലേഖനത്തില്‍ പറഞ്ഞിട്ടുള്ളതെല്ലാം സഹിക്കാം. പക്ഷെ സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആരാധന മൂത്ത്, മൊബൈല്‍ ചാര്‍ജെര്‍ പൊയന്റും ഡിസ്പ്ലേ ബോര്‍ഡും മറ്റും വെയ്ക്കാന്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ് സഹായിക്കും എന്ന് പറഞ്ഞത് കുറച്ചു കൂടിയ കയ്യായി പോയി. അപ്പോള്‍ ബ്രോഡ്‌ ഗേജ് ആയ ഇന്ത്യന്‍ റെയില്‍വേയുടെ ട്രെയിനുകളിലും ഡല്‍ഹി മെട്രോ ട്രെയിനുകളിലും ഇപ്പോഴേ ഉള്ള മേല്‍പ്പറഞ്ഞ സംവിധാനങ്ങള്‍ എങ്ങനെ വന്നു? പിന്നെ, സ്റ്റാന്‍ഡേര്‍ഡ് ഗേജ് അല്ലാത്തത് കൊണ്ട് അവ സുരക്ഷിതമല്ല എന്നുണ്ടോ? റെയിലുകളുടെ അകലവും പ്ലുഗ് പോയിന്റ്‌ ഫിറ്റ്‌ ചെയ്യുന്നതും തമ്മില്‍ എന്താണ് ബന്ധം? ആയം കണ്ടുപിടിച്ച ഗേജ് സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആയതുകൊണ്ട് ലോകത്തിലെ 60% റെയില്‍വേയും അത് ഉപയോഗിക്കുന്നു, അത്രമാത്രം. ഇന്ത്യ പോലൊരു രാജ്യത്തിന്‌ സ്റ്റാന്‍ഡേര്‍ഡ് ഗേജ് ഒരിക്കലും ഇണങ്ങില്ല, യാത്രക്കാരുടെ എണ്ണം ഒന്നുകൊണ്ടു മാത്രം! ശ്രീധരനെക്കാളും വലിയ ആളൊന്നുമല്ല ഞാന്‍. എന്നാലും മനസ്സില്‍ തോന്നിയത് പറഞു എന്ന് മാത്രം. ഏതായാലും ഇവര്‍ക്ക് ഈ ലേഖനം എങ്ങനെ പ്രസിദ്ധീകരിക്കാന്‍ തോന്നി? അതോ ഇനി നമ്മള്‍ ഈ പോളിടെക്നിക്കില്‍ ഒന്നും പോയിട്ടില്ലാത്തത് കൊണ്ട് കവി ഭാവന നമുക്ക് മനസ്സിലാകാതെ പോയതാണോ?

Advertise Here
Advertise Here