സൌമ്യ എന്ന പാവം പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ടിട്ടു ഒരു വര്ഷം കഴിഞ്ഞു. കേരള മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയ ആ സംഭവം മിക്കവാറും എല്ലാവരുടെയും മനസ്സില്‍ ഇപ്പോഴും നീറി കിടപ്പുണ്ടാവണം. കൊലയാളിക്ക് തൂക്കുകയര്‍ വളരെ വേഗം തന്നെ കിട്ടി, നല്ല കാര്യം. എന്നാല്‍ എന്ത് മാറി? ഒന്നും മാറിയിട്ടില്ല. ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം – ട്രിച്ചി ടീ ഗാര്‍ഡന്‍ എക്സ്പ്രസ്സിലെ റിസെര്‍വേഷന്‍ സ്ലീപ്പര്‍ കോച്ചില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ, ടിക്കറ്റ് ഇല്ലാതെ അതിക്രമിച്ചു കയറിയ മധ്യപന്‍ ആക്ക്രമിക്കാന്‍ ശ്രമിച്ചു. പിന്നെ പട്ടാപ്പകല്‍ കോട്ടയം – എറണാകുളം റൂട്ടില്‍ കുറുപ്പന്തറയില്‍ വച്ച് തിങ്ങി നിറഞ്ഞ ലേഡീസ് കമ്പാര്‍ട്ട് മെന്റില്‍ ഒരാള്‍ ആക്രമം നടത്തി, 5 പെണ്‍കുട്ടികള്‍ക്ക് പരുക്കേറ്റു. എന്താണ് ഇത്? എന്തുകൊണ്ടാണ് സൌമ്യകള്‍ ആവര്‍ത്തിക്കുന്നത്? ആരാണ് യഥാര്‍ത്ഥ കുറ്റവാളി?
കുറേകാലമായി വാദ പ്രതിവാദങ്ങളും തര്‍ക്കങ്ങളും ഇത് പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടത്തേണ്ട പരിഷ്കാരങ്ങളും എല്ലാം ഒരുപാട് കേട്ടു. ലേഡീസ് കമ്പാര്‍ട്ട് മെന്റ് ട്രെയിനിന്റെ നടുവില്‍ സ്ഥാപിക്കുക, മുന്‍പില്‍ സ്ഥാപിക്കുക, സായുധരായ പോലീസുകാരെ സുരക്ഷക്കായി നിയമിക്കുക, പിന്നെ ഏതോ ചാനലില്‍ ഒരു കൊച്ചമ്മയുടെ “ലേഡീസ് കമ്പാര്‍ട്ട് മെന്റിന് പിങ്ക് നിറം അടിക്കുക!” എന്ന വിപ്ലവാത്മകമായ തിരുമണ്ടന്‍ നിര്‍ദേശം എന്നിങ്ങനെ പലതും. (ചിലപ്പോള്‍ പിങ്ക് നിറം കണ്ടു Chromatophobia ബാധിച്ചു ആക്രമികള്‍ ഭയന്ന് ഓടിപ്പോകും എന്ന് കൊച്ചമ്മ ധരിച്ചിട്ടുണ്ടാകും.
ഏതായാലും, ലേഡീസ് കമ്പാര്‍ട്ട്മെന്റ് ട്രെയിനിന്റെ മുന്നിലോ, നടുക്കോ, പിന്നിലോ ആക്കിയത് കൊണ്ടോ, അതിനു പിങ്കോ ചുവപ്പോ മഞ്ഞയോ വെള്ളയോ നിറം അടിച്ചതുകൊണ്ടോ ഒന്നും ഇത് മാറാന്‍ പോകുന്നില്ല. ഒരു കാരണം, ദീര്‍ഖദൂര ട്രെയിനുകളില്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന കമ്പാര്‍ട്ട്മെന്റുകള്‍ ആണ് ഉള്ളത്, അവയും സ്ലീപ്പറുകള്‍. അവയ്ക്കിടയില്‍, ചെറിയ ദൂരം മാത്രം കേരളത്തില്‍ സഞ്ചരിക്കുന്ന ഈ ട്രെയിനുകളില്‍ നടുക്ക് ഒരു കഷണം ജനറല്‍ കോച്ച് ഖടിപ്പിക്കുക പ്രായോഗികമല്ല. ദീര്‍ഖദൂര ട്രെയിനുകള്‍ ദീര്‍ഖ ദൂര യാത്രക്കാര്‍ക്ക് വേണ്ടിയുള്ളതാണ് എന്നുള്ളത് വേറെ കാര്യം. പിങ്ക് നിറത്തെപ്പറ്റി എനിക്കൊന്നും പറയാനില്ല.
കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വലിയ ഒരു സാമുഹ്യ പ്രശ്നത്തിന്റെ പുറമേ കാണപ്പെടുന്ന ലക്ഷണം മാത്രമാണ്. കേരളത്തിലെ പുരുഷന്മാരുടെ വികലമായ സ്ത്രീസങ്കല്‍പ്പം തന്നെ ആണ് സ്ത്രീകള്‍ക്കെതിരെ ഉള്ള ഈ ആക്രമണങ്ങള്‍ക്ക് കാരണം. സദാചാര പോലീസ് ചമയലും മറ്റും ഇതിന്റെ വേറെ ഒരു ആവിഷ്കരണം മാത്രം. ചെറുപ്പം മുതലേ സമപ്രായക്കാരായ പെണ്‍കുട്ടികളുമായി യാതൊരുവിധ ഇടപെഴകലും ഇല്ലാതെയാണ് മിക്ക ആണ്‍കുട്ടികളും വളരുന്നത്, തിരിച്ചും. ലിംഗ വിവേചനത്തിന് ഈറ്റവും പ്രാധാന്യം നല്‍കുന്ന കോണ്‍വെന്റ് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പല രൂപങ്ങളും മറ്റുമാണ് ഇതിനു കാരണം എന്നാണു എനിക്ക് തോന്നുന്നത്. ഈ കുട്ടികള്‍ വളര്‍ന്നു വലുതാകുമ്പോള്‍ ശരീരത്തിന്റെ വ്യതിയാനങ്ങളില്‍ സംഭ്രമം നിറഞ്ഞു ആവശ്യമില്ലാത്ത വഴികളിലേക്ക് തിരിയുകയും ഞരമ്പ് രോഗികളാകുകയും ചെയ്യുന്നു. ഇതിനെക്കുറിച്ച് എഴുതാന്‍ തുടങ്ങിയാല്‍ ഇപ്പോഴൊന്നും തീരില്ല.
ഈ സാമുഹിക പ്രശ്നം അങ്ങനെ പെട്ടെന്നൊന്നും ഇല്ലാതാകാന്‍ പോകുന്നില്ല. ശക്തിയായ വിദ്യാഭ്യാസവും ശരിയായ വളര്‍ത്തുഗുണവും പിന്നെ സാമൂഹിക മനസ്തിതിയുടെ മാറ്റവും എല്ലാം ഇതിനു ആവശ്യമാണ്. അതുവരെ, ഒന്നേ ചെയ്യാനുള്ളൂ. വേണ്ടാതീനം കാണിച്ചാല്‍ ഇനി (കൈ) പൊങ്ങില്ല എന്ന അറിവ് എല്ലാവരുടെയും മനസ്സില്‍ കുത്തിക്കയറ്റുക. “ഷൂട്ട് അറ്റ് സൈറ്റ് ” ഒന്നും വേണ്ടെങ്കിലും, അതുപോലെ തന്നെ വളരെ ശക്തമായ നിയമനിര്‍മാണം കൊണ്ടുവരിക, ഗോവിന്ദച്ചാമി പോലെ പെട്ടെന്ന് വിധികള്‍ കല്‍പ്പിക്കുക. എല്ലാ ലേഡീസ് കമ്പാര്‍ട്ട്മെന്റുകളിലും സായുധരായ പോലീസുകാരെ നിയമിക്കുക തന്നെ വേണം. കളിയ്ക്കാന്‍ ചെന്നാല്‍ നല്ല കൊട്ടുകൊടുക്കാന്‍ കെല്‍പ്പുള്ളവര്‍. ആക്ക്രമണങ്ങള്‍ താനേ കുറയുന്നത് കാണാം.
പക്ഷെ, ഇത് പോര. പന്ത് ഇപ്പോഴും റെയില്‍വേയുടെ കോര്‍ട്ടില്‍ തന്നെയാണ്. ഒരു ട്രെയിനിലെ എല്ലാ യാത്രക്കാര്‍ക്കും പോലീസ് സംരക്ഷണം കൊടുക്കാന്‍ പറ്റില്ലല്ലോ. ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ പിടിക്കാന്‍ വല്ലപ്പോഴും ഒക്കെ കാണിക്കുന്ന ശുഷ്കാന്തി ഇപ്പോഴും കാണിക്കുകയും, ട്രെയിനുകളിലും റെയില്‍വേ പരിസരങ്ങളിലും മറ്റും ടിക്കറ്റ് ഇല്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെയും ഭിക്ഷക്കാരെയും മറ്റും കര്‍ശനമായി നിയന്ത്രിക്കുകയും വേണം. ട്രെയിനിന്റെ നിലം തുടയ്ക്കുന്നവര്‍, ആസ് ബസ് ടോസ് കഷണങ്ങള്‍ കൊട്ടി “പരദേശി പരദേശി” പാടുന്നവരെയും മറ്റു ഭിക്ഷക്കരെയും എല്ലാം ചവിട്ടിപ്പെറുക്കി പുറത്തെറിയുകയും യാതൊരു കാരണവശാലും അവരെ ട്രെയിനുകളുടെ അടുത്ത് പോലും ചെല്ലാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുക. എന്നാല്‍, ഈ ക്ലീനിംഗ് ഓപ്പറേഷന്‍ മാത്രം പോര. റെയില്‍വേയുടെ നടത്തിപ്പിലും ചില വ്യതിയാനങ്ങള്‍ വരുത്തണം. അതിനെക്കുറിച്ച് അടുത്ത ഭാഗത്തില്‍.



















