Archive | കവലപ്രസംഗം

Tags: , , , , ,

കേരളവും റെയില്‍വേയും സൗമ്യമാരും – ഭാഗം 2

Posted on 25 February 2012 by

ആദ്യ ഭാഗത്തില്‍ പറഞ്ഞത്പോലെ, മിനുക്കുപണികള്‍ കൊണ്ട് മാത്രം പരിഹരിക്കാവുന്നതല്ല കേരളത്തിലെ ട്രെയിന്‍ യാത്രക്കാരുടെ നേര്‍ക്കുള്ള ആക്ക്രമണങ്ങള്‍. അറിയാതെ ആണെങ്കിലും റെയില്‍വേയുടെ ബ്രിട്ടീഷ്‌കാരുടെ കാലത്തെ പഴഞ്ജന്‍ നടത്തിപ്പുരീതികളും ഇതിനു ഒരു കാരണം ആണ്. എങ്ങനെ എന്ന് നോക്കാം.

റെയില്‍വേയുടെ ഇഷ്ട്ടപ്പെട്ട കളികളില്‍ ഒന്നാണ് “ഔട്ടെറില്‍ പിടിച്ചിടല്‍”. അതായത്, സമയത്തോ അല്ലാതെയോ വരുന്ന ട്രെയിനുകളെ സ്റ്റേഷനിലേക്ക് കടത്തിവിടാതെ സ്റ്റേഷന് തൊട്ടുമുന്പ് വെറുതെ ട്രാക്കില്‍ പിടിച്ചിടുക. ഈ സ്റ്റേഷന് മുന്‍പുള്ള സ്ഥലം ആണ് “ഔട്ടെര്‍”. കാടും പടലും ചതുപ്പും നിറഞ്ഞ വിജനമായ ഘോര ഭൂമിയായിരിക്കും മിക്കവാറും ഔട്ടെര്‍. കുറ്റവാളികള്‍ക്ക് ഒളിച്ചിരിക്കാനും ട്രെയ്നുകളില്‍ കയറി ആക്രമണങ്ങള്‍ നടത്താനും പറ്റിയ സാഹചര്യം. ഇറങ്ങി ഓടണം എന്ന് വിചാരിച്ചാല്‍ പോലും ഒരു വഴിയും ഇല്ല. എന്നാല്‍ ഇത് മാത്രമല്ല. ദീര്‍ഖദൂര/എക്സ്പ്രസ്സ്‌ ട്രെയ്നുകളില്‍ സുരക്ഷക്കായി പോലീസും മറ്റും ഉണ്ടാകും, അവ വലിയ സ്റ്റെഷനുകളിലേ നിര്‍ത്തുകയുമുള്ളു. അവയ്ക്ക് ട്രാക്കില്‍ പ്രാധാന്യവും ലഭിക്കും. എന്നാല്‍ എല്ലായിടത്തും നിറുത്തി ഇഴഞ്ഞു നീങ്ങുന്ന പാവം പാസ്സന്‍ജെറോ?

റെയില്‍വേയുടെ ചവറ്റുകുട്ടയില്‍ കിടക്കാന്‍ വിധിക്കപ്പെട്ടവയാണ് പാസ്സന്‍ജെറുകളും അവയിലെ യാത്രക്കാരും. സൗമ്യയുടെ കേസിന് ആസ്പദമായ എറണാകുളം – ഷോര്‍ണൂര്‍ പാസ്സന്‍ജെര്‍ തന്നെ. 1730 നു എറണാകുളം സൌത്തില്‍ നിന്നും പുറപ്പെട്ടു 2115 നു ഷോര്‍ണൂര്‍ ജങ്ക്ഷനില്‍ എത്തുമെന്നാണ് സമയവിവരപ്പട്ടികയില്‍ പറയുന്നത്. ഇടയിലുള്ള എല്ലാ സ്റ്റെഷനുകളിലും നിര്‍ത്തും. ശെരി. എന്നാല്‍, പട്ടികയില്‍ പറയുന്നത്, ഷോര്‍ണൂറിന് വെറും 4 കിലോമീറ്റര്‍ മുന്‍പുള്ള വള്ളത്തോള്‍ നഗര്‍ സ്റ്റേഷനില്‍ 2005 നു എത്തി 2007 നു പുറപ്പെടും എന്നാണ്‌. 4 കിലോമീറ്റര്‍ ഓടാന്‍ 68 മിനിട്ട് അഥവാ 1 മണിക്കൂറും 8 മിനിട്ടുമോ?!

കണ്ടാല്‍ പോക്രിത്തരം എന്ന് തോന്നുമെങ്കിലും, ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ല, റെയില്‍വേയുടെ വീക്ഷണത്തില്‍ നിന്നും നോക്കുകയാണെങ്കില്‍. അവസാനത്തെ രണ്ടു സ്റ്റെഷനുകള്‍ക്കിടയിലുള്ള ഈ “എക്സ്ട്രാ സമയം” എല്ലാ ട്രെയിനുകള്‍ക്കും കൊടുത്തിട്ടുണ്ട്‌, ഏതു രാജധാനിയായാലും. ഇതിനു “സ്ലാക്ക് ടൈം” എന്ന് പറയും. റെയില്‍വേ കടലാസുകള്‍ അനുസരിച്ച് ട്രെയിന്‍ അവസാനത്തെ സ്റ്റേഷനില്‍ സമയത്തിന് ഓടി എത്തിയിരിക്കണം, അവസാനത്തെ സ്റ്റേഷനില്‍  മാത്രം. ഇടയില്‍ എത്ര ലേറ്റ് ആയാലും കുഴപ്പമില്ല. അതുകൊണ്ട്, എല്ലാ ട്രെയിനുകളും വൈകും എന്ന് ഉറപ്പുള്ളത് കൊണ്ട്, അവയെ സമയം “അഡ്ജസ്റ്റ്” ചെയ്തു അവസാനത്തെ സ്റ്റേഷനില്‍ ഏകദേശം കൃത്യസമയത്തിന് എത്തിക്കാനാണ് സ്ലാക്ക് ടൈം എന്ന സംവിധാനം കണ്ടുപിടിച്ചിരിക്കുന്നത്. ഒരു വളഞ്ഞവഴി അഡ്ജസ്റ്റ്മെന്റ്. എന്ത് കാര്യങ്ങള്‍ക്കും വളഞ്ഞവഴിയും അഡ്ജസ്റ്റ്മെന്റും കണ്ടെത്തുന്ന ഈ രാജ്യത്തുനിന്ന് അത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി. ഇതില്‍നിന്നും നമ്മള്‍ പഠിക്കുന്നത്, ട്രെയിന്‍ വൈകി ഓടും എന്നത് റെയില്‍വേ തന്നെ ഉറപ്പിച്ചിട്ടുള്ള കാര്യമാണ്, അതിനു യാതൊരു സംശയവും വേണ്ട.

ഇത് കാണാവുന്നതുമാണ്. മിക്കവാറും 1730 നു തന്നെ എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിന്‍, മറ്റെല്ലാ ട്രെയിനുകള്‍ക്ക് സൈഡും കൊടുത്തും പ്ലാറ്റ്ഫോം കാത്തു ഔട്ടെറുകളില്‍ കിടന്നും പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ (ഫോര്‍ ഓപ്പറേഷണല്‍ റീസെണ്‍സ്) ചില സ്റ്റേഷനുകളിലും ചിലപ്പോള്‍ അല്ലാത്തിടത്തും വെറുതെ കുറെ നേരം പിടിച്ചിട്ടുമൊക്കെ ഓരോ സ്റ്റെഷനുകളിലും മിനിട്ടുകള്‍ വൈകി വൈകി തൃശൂര്‍ എത്തുമ്പോള്‍ ഏകദേശം 45 മിനിട്ട് വൈകിയിരിക്കും. ഇത് കാരണം പുറകെ വരുന്ന എക്സ്പ്രെസ്സുകളെ വൈകാതെ കയറ്റിവിടാന്‍ പിടിച്ചിട്ടു പിന്നെയും വൈകുന്നു. സ്ഥിരം വൈകി മാത്രം ഓടുന്ന ഐലെന്റ്റ് എക്സ്പ്രെസ്സ് കാരണം വൈകിയോടാനിടയാകുന്ന ജനശതാബ്ദിയെ കയറ്റിവിടാന്‍ പിടിച്ചിടുന്ന ഐലന്റിന്റെ പുറകില്‍ പിടിച്ചിടുക എന്ന പടിപാടിയും ആണ് സ്ഥിരം ഉണ്ടാകാറുള്ളത്. പിന്നെയും വലിഞ്ഞിഴഞ്ഞു ഷോര്‍ണൂരിനു മുന്‍പുള്ള വള്ളത്തോള്‍ നഗര്‍ സ്റ്റേഷനിലെത്തുമ്പോള്‍ ഉദ്ദേശം ഒന്‍പതു മണിയായിരിക്കും. ഇനി അതിനു മുന്‍പ് എത്തിയാല്‍ തന്നെയും അവിടെ പിടിച്ചിടും.

ഈ വള്ളത്തോള്‍ നഗര്‍ ഒരു റെയില്‍വേ സ്റ്റേഷന്‍ അല്ല, ഒരു വനഭൂമിയാണ്. ഭാരതപ്പുഴയുടെ തീരത്തുള്ള ഒരു കൊടുംകാട്. പ്ലാറ്റ്ഫോം പോയിട്ട് രാത്രിയായാല്‍ വെട്ടവും വെളിച്ചവും പോലും ഇല്ലാതെ ഘോര അന്ധകാരം നിറഞ്ഞ ഒരു ഭീകര ഹൊറര്‍ സിനിമ സെറ്റിംഗ്. അവിടം മുതല്‍ ഷോര്‍ണൂര്‍ സ്റേഷന്‍ വരെ കാടും പടലും അന്ധകാരവും മാത്രം. രാത്രി വൈകി എത്തുന്ന പാവം പാസ്സന്ജര്‍ ഈ അന്ധകാരത്തില്‍ കുറെ ഏറെ സമയം കിടക്കും. വണ്ടി ഏറെക്കുറെ  കാലിയും ആയിരിക്കും. എത്തി നോക്കിയാല്‍ ഷോര്‍ണൂര്‍ സ്റ്റേഷന്റെ വെളിച്ചം കാണാം. പക്ഷെ ട്രെയിന്‍ അങ്ങോട്ട്‌ കയറ്റി വിടില്ല. ഇനി അല്ലെങ്കില്‍ തന്നെയും, ഇവിടെ ഒരു മണിക്കൂര്‍ വൈകി എത്തുന്ന വണ്ടി ഷൊര്‍ണൂരില്‍ എത്തുമ്പോള്‍ റൈറ്റ് ടൈം ആയിരിക്കും. റെയില്‍വേയുടെ കടലാസ്സില്‍ എല്ലാം ശുഭം. ഈ അന്ധകാരത്തില്‍ ആയിരുന്നു സൗമ്യയുടെ നേര്‍ക്ക്‌ ആക്രമണം ഉണ്ടായത്.

“പാസ്സന്ജരിനെയല്ലേ പിടിച്ചിടാന്‍ പറ്റു, രാജധാനിയെ പറ്റില്ലല്ലോ.” സമ്മതിച്ചു ശരി തന്നെ. പക്ഷെ, പാസ്സെന്‍ജെറിലും മനുഷ്യര്‍ തന്നെയല്ലേ യാത്ര ചെയ്യുന്നത്? ഇരട്ടപ്പാതയുള്ള റൂട്ടുകളില്‍ മുന്ഗണനാക്രമത്തില്‍ (ആദ്യം വന്നത് ആദ്യം) ട്രെയിനുകള്‍ ഓടട്ടെ? ട്രെയിന്‍ നേരത്തെ ഷോര്‍ണൂര്‍ എത്തിയാല്‍ എന്ത് സംഭവിക്കും? നമ്മളെ രക്ഷിക്കാന്‍ നമ്മള് തന്നെ ആശ്രയം. വടക്കാഞ്ചേരി കഴിഞ്ഞാല്‍ കമ്പാര്‍ട്ട്മെന്റിന്റെ കതകുകള്‍ അടച്ചു കുറ്റിയിടുക. റെയില്‍വേ പോലിസ് ഹെല്പ് ലൈന്‍ നമ്പര്‍ (9846100200) എപ്പോഴും കയ്യില്‍ സൂക്ഷിക്കുക. അങ്ങനെ ഒക്കെ. കഴിവതും ആരെങ്കിലും കൂടെ ഉണ്ടെങ്കില്‍ നല്ലത്. റെയില്‍വേ ഇപ്പോള്‍ സുരക്ഷക്കായി ഗാര്‍ഡുകളെ സ്ഥിരമായി ഏര്‍പ്പെടുത്തുന്നുണ്ട്ന്നെന്നു കേട്ടു. നല്ലത്. പക്ഷെ മാറേണ്ടത് റെയില്‍വേ യുടെ മനോഭാവം തന്നെ.

ഇതും ബ്രിട്ടീഷുകാരുടെ അതിപുരാതനമായ രീതികള്‍ നമ്മള്‍ ഇന്നും മാറ്റമില്ലാതെ പിന്തുടരുന്നതിന് ഒരു ഉദ്ദാഹരണം മാത്രം. റെയില്‍വേ എന്നത് ജനങ്ങളെ സേവിക്കാന്‍ ഉള്ള ഒരു സംഭവം അല്ല, പകരം കടലാസുകെട്ടുകളില്‍ നിലനില്‍ക്കുന്ന ഒരു അതിഭീമമായ ബ്യൂറോക്രാട്ടിക് പ്രസ്ഥാനമാണ് എന്നുള്ളതു നമ്മളെ ഓര്‍മ്മിപ്പിക്കുന്നതിനു വേണ്ടി. ട്രെയിനുകളും മറ്റും ഓടിക്കുന്നത് ഈപ്പറഞ്ഞ കടലാസുകളെ ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രം. റെയില്‍വേ നടത്തുന്നതിന് യാത്രക്കാരുടെ സൌകര്യത്തിനോ അതോ റെയില്‍വേ യുടെ “operational needs” നടപ്പിലാക്കാനോ? ഇത് പോലെ ഉള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേ പറ്റു.

Comments (1)

Tags: , , , , , ,

കേരളവും റെയില്‍വേയും സൗമ്യമാരും – ഭാഗം 1

Posted on 14 February 2012 by vadakkus

സൌമ്യ എന്ന പാവം പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ടിട്ടു ഒരു വര്ഷം കഴിഞ്ഞു. കേരള മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയ ആ സംഭവം മിക്കവാറും എല്ലാവരുടെയും മനസ്സില്‍ ഇപ്പോഴും നീറി കിടപ്പുണ്ടാവണം. കൊലയാളിക്ക് തൂക്കുകയര്‍ വളരെ വേഗം തന്നെ കിട്ടി, നല്ല കാര്യം. എന്നാല്‍ എന്ത് മാറി? ഒന്നും മാറിയിട്ടില്ല. ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം – ട്രിച്ചി ടീ ഗാര്‍ഡന്‍ എക്സ്പ്രസ്സിലെ റിസെര്‍വേഷന്‍ സ്ലീപ്പര്‍ കോച്ചില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ, ടിക്കറ്റ്‌ ഇല്ലാതെ അതിക്രമിച്ചു കയറിയ മധ്യപന്‍ ആക്ക്രമിക്കാന്‍ ശ്രമിച്ചു. പിന്നെ പട്ടാപ്പകല്‍ കോട്ടയം – എറണാകുളം റൂട്ടില്‍ കുറുപ്പന്തറയില്‍ വച്ച് തിങ്ങി നിറഞ്ഞ ലേഡീസ് കമ്പാര്‍ട്ട് മെന്റില്‍ ഒരാള്‍ ആക്രമം നടത്തി, 5 പെണ്‍കുട്ടികള്‍ക്ക് പരുക്കേറ്റു. എന്താണ്  ഇത്? എന്തുകൊണ്ടാണ് സൌമ്യകള്‍ ആവര്‍ത്തിക്കുന്നത്? ആരാണ് യഥാര്‍ത്ഥ കുറ്റവാളി?

കുറേകാലമായി വാദ പ്രതിവാദങ്ങളും തര്‍ക്കങ്ങളും ഇത് പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടത്തേണ്ട പരിഷ്കാരങ്ങളും എല്ലാം ഒരുപാട് കേട്ടു. ലേഡീസ് കമ്പാര്‍ട്ട് മെന്റ് ട്രെയിനിന്റെ നടുവില്‍ സ്ഥാപിക്കുക, മുന്‍പില്‍ സ്ഥാപിക്കുക, സായുധരായ പോലീസുകാരെ സുരക്ഷക്കായി നിയമിക്കുക, പിന്നെ ഏതോ ചാനലില്‍ ഒരു കൊച്ചമ്മയുടെ “ലേഡീസ് കമ്പാര്‍ട്ട് മെന്റിന് പിങ്ക് നിറം അടിക്കുക!” എന്ന വിപ്ലവാത്മകമായ തിരുമണ്ടന്‍ നിര്‍ദേശം എന്നിങ്ങനെ പലതും. (ചിലപ്പോള്‍ പിങ്ക് നിറം കണ്ടു Chromatophobia ബാധിച്ചു ആക്രമികള്‍ ഭയന്ന് ഓടിപ്പോകും എന്ന് കൊച്ചമ്മ ധരിച്ചിട്ടുണ്ടാകും.

ഏതായാലും, ലേഡീസ് കമ്പാര്‍ട്ട്മെന്റ് ട്രെയിനിന്റെ മുന്നിലോ, നടുക്കോ, പിന്നിലോ ആക്കിയത് കൊണ്ടോ, അതിനു പിങ്കോ ചുവപ്പോ മഞ്ഞയോ വെള്ളയോ നിറം അടിച്ചതുകൊണ്ടോ ഒന്നും ഇത് മാറാന്‍ പോകുന്നില്ല. ഒരു കാരണം, ദീര്‍ഖദൂര ട്രെയിനുകളില്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന കമ്പാര്‍ട്ട്മെന്റുകള്‍ ആണ് ഉള്ളത്, അവയും സ്ലീപ്പറുകള്‍. അവയ്ക്കിടയില്‍, ചെറിയ ദൂരം മാത്രം കേരളത്തില്‍ സഞ്ചരിക്കുന്ന ഈ ട്രെയിനുകളില്‍ നടുക്ക് ഒരു കഷണം ജനറല്‍ കോച്ച് ഖടിപ്പിക്കുക പ്രായോഗികമല്ല. ദീര്‍ഖദൂര ട്രെയിനുകള്‍ ദീര്‍ഖ ദൂര യാത്രക്കാര്‍ക്ക് വേണ്ടിയുള്ളതാണ് എന്നുള്ളത് വേറെ കാര്യം. പിങ്ക് നിറത്തെപ്പറ്റി എനിക്കൊന്നും പറയാനില്ല.

കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വലിയ ഒരു സാമുഹ്യ പ്രശ്നത്തിന്റെ പുറമേ കാണപ്പെടുന്ന ലക്ഷണം മാത്രമാണ്. കേരളത്തിലെ പുരുഷന്മാരുടെ വികലമായ സ്ത്രീസങ്കല്‍പ്പം തന്നെ ആണ് സ്ത്രീകള്‍ക്കെതിരെ ഉള്ള ഈ ആക്രമണങ്ങള്‍ക്ക് കാരണം. സദാചാര പോലീസ് ചമയലും മറ്റും ഇതിന്റെ വേറെ ഒരു ആവിഷ്കരണം മാത്രം. ചെറുപ്പം മുതലേ സമപ്രായക്കാരായ പെണ്‍കുട്ടികളുമായി യാതൊരുവിധ ഇടപെഴകലും ഇല്ലാതെയാണ് മിക്ക ആണ്‍കുട്ടികളും വളരുന്നത്‌, തിരിച്ചും. ലിംഗ വിവേചനത്തിന് ഈറ്റവും പ്രാധാന്യം നല്‍കുന്ന കോണ്‍വെന്റ് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പല രൂപങ്ങളും മറ്റുമാണ് ഇതിനു കാരണം എന്നാണു എനിക്ക് തോന്നുന്നത്. ഈ കുട്ടികള്‍ വളര്‍ന്നു വലുതാകുമ്പോള്‍ ശരീരത്തിന്റെ വ്യതിയാനങ്ങളില്‍ സംഭ്രമം നിറഞ്ഞു ആവശ്യമില്ലാത്ത വഴികളിലേക്ക് തിരിയുകയും ഞരമ്പ്‌ രോഗികളാകുകയും ചെയ്യുന്നു. ഇതിനെക്കുറിച്ച്‌ എഴുതാന്‍ തുടങ്ങിയാല്‍ ഇപ്പോഴൊന്നും തീരില്ല.

ഈ സാമുഹിക പ്രശ്നം അങ്ങനെ പെട്ടെന്നൊന്നും ഇല്ലാതാകാന്‍ പോകുന്നില്ല. ശക്തിയായ വിദ്യാഭ്യാസവും ശരിയായ വളര്‍ത്തുഗുണവും പിന്നെ സാമൂഹിക മനസ്തിതിയുടെ മാറ്റവും എല്ലാം ഇതിനു ആവശ്യമാണ്. അതുവരെ, ഒന്നേ ചെയ്യാനുള്ളൂ. വേണ്ടാതീനം കാണിച്ചാല്‍ ഇനി (കൈ) പൊങ്ങില്ല എന്ന അറിവ് എല്ലാവരുടെയും മനസ്സില്‍ കുത്തിക്കയറ്റുക. “ഷൂട്ട്‌ അറ്റ്‌ സൈറ്റ് ” ഒന്നും വേണ്ടെങ്കിലും, അതുപോലെ തന്നെ വളരെ ശക്തമായ നിയമനിര്‍മാണം കൊണ്ടുവരിക, ഗോവിന്ദച്ചാമി പോലെ പെട്ടെന്ന് വിധികള്‍ കല്‍പ്പിക്കുക. എല്ലാ ലേഡീസ് കമ്പാര്‍ട്ട്മെന്റുകളിലും സായുധരായ പോലീസുകാരെ നിയമിക്കുക തന്നെ വേണം. കളിയ്ക്കാന്‍ ചെന്നാല്‍ നല്ല കൊട്ടുകൊടുക്കാന്‍ കെല്‍പ്പുള്ളവര്‍. ആക്ക്രമണങ്ങള്‍ താനേ കുറയുന്നത് കാണാം.

പക്ഷെ, ഇത് പോര. പന്ത് ഇപ്പോഴും റെയില്‍വേയുടെ കോര്‍ട്ടില്‍ തന്നെയാണ്. ഒരു ട്രെയിനിലെ എല്ലാ യാത്രക്കാര്‍ക്കും പോലീസ് സംരക്ഷണം കൊടുക്കാന്‍ പറ്റില്ലല്ലോ. ടിക്കറ്റ്‌ ഇല്ലാത്ത യാത്രക്കാരെ പിടിക്കാന്‍ വല്ലപ്പോഴും ഒക്കെ കാണിക്കുന്ന ശുഷ്കാന്തി ഇപ്പോഴും കാണിക്കുകയും, ട്രെയിനുകളിലും റെയില്‍വേ പരിസരങ്ങളിലും മറ്റും ടിക്കറ്റ്‌ ഇല്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെയും ഭിക്ഷക്കാരെയും മറ്റും കര്‍ശനമായി നിയന്ത്രിക്കുകയും വേണം. ട്രെയിനിന്റെ നിലം തുടയ്ക്കുന്നവര്‍, ആസ് ബസ് ടോസ്‌ കഷണങ്ങള്‍ കൊട്ടി “പരദേശി പരദേശി” പാടുന്നവരെയും മറ്റു ഭിക്ഷക്കരെയും എല്ലാം ചവിട്ടിപ്പെറുക്കി പുറത്തെറിയുകയും യാതൊരു കാരണവശാലും അവരെ ട്രെയിനുകളുടെ അടുത്ത് പോലും ചെല്ലാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുക. എന്നാല്‍, ഈ ക്ലീനിംഗ് ഓപ്പറേഷന്‍ മാത്രം പോര. റെയില്‍വേയുടെ നടത്തിപ്പിലും ചില വ്യതിയാനങ്ങള്‍ വരുത്തണം. അതിനെക്കുറിച്ച് അടുത്ത ഭാഗത്തില്‍.

ഇതുപോലെ വൃത്തിയുള്ള ഒരു ട്രെയിന്‍ ഇന്ത്യയില്‍ സ്വപ്നം കാണാന്‍ എങ്കിലും പറ്റുമോ?

 

Comments (1)

Tags: , , , , , , , , ,

സ്റ്റാന്‍ഡേര്‍ഡ് ഗേജ് റോക്കറ്റ് ടെക്നോളജി

Posted on 10 February 2012 by

വിവരമില്ലായ്മ ഒരു കുറ്റമില്ല. പക്ഷെ സ്വന്തം വിവരമില്ലായ്മ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കി അവരെക്കൂടി തെറ്റിദ്ധരിപ്പിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്. അതും, ഒരുപാടാളുകള്‍ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ദിനപ്പത്രത്തില്‍ നിന്നാകുമ്പോള്‍. മാതൃഭൂമി, അവര്‍ക്കുവേണ്ടി എഴുതുന്ന ആളുകളെ ഒന്ന് വിലയിരുത്തിയാല്‍ നന്നായിരിക്കും, പ്രത്യേകിച്ചും സാങ്കേതികപരമായി അവര്‍ക്കുള്ള അറിവിനെക്കുറിച്ച്. കഴിഞ്ഞ ദിവസം പത്രത്തില്‍ പ്രത്യക്ഷപ്പെട്ട ഈ റിപ്പോര്‍ട്ട്‌ ആണ് ഈ പോസ്റ്റ്‌ എഴുതന്നുള്ള ആധാരം.

കൊച്ചി മെട്രോ റെയിലിന്  “സ്റ്റാന്‍ഡേര്‍ഡ് ഗേജ് സാങ്കേതികവിദ്യ” ആണ് ഉപയോഗിക്കാന്‍ പോകുന്നതത്രേ. എഴുതിയിരിക്കുന്നത് വായിച്ചാല്‍, ഈ സ്റ്റാന്‍ഡേര്‍ഡ് ഗേജ് എന്ന് പറഞ്ഞാല്‍ ഏതോ റോക്കറ്റ് വിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന എന്തോ വലിയ സങ്കീര്‍ണമായ സാങ്കേതികവിദ്യ (ടെക്നോളജി) ആണെന്ന് തോന്നും. അമേരിക്ക, ബ്രിട്ടന്‍, സിംഗപ്പൂര്‍, ബീജിംഗ്, മാദ്രിദ് എന്ന് വേണ്ട, ലോകത്തില്‍ 60 ശതമാനത്തോളം റെയില്‍വേ ലൈനുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ് സംവിധാനം ആണ് ഉപയോഗിക്കുന്നത്, ഡല്‍ഹി മെട്രോയില്‍ പോലും ഇത് ഉപയോഗിച്ചിട്ടുണ്ട് എന്നൊക്കെ വലിയ വായില്‍ എഴുതി വച്ചിട്ടുണ്ട്. അത് മാത്രമല്ല, ഇത് ഉപയോഗിച്ചാല്‍ യാത്രക്കാര്‍ വളരെയേറെ സുരക്ഷിതര്‍ ആകുമെന്നും, മെട്രോ കോച്ചുകള്‍ക്കുള്ളില്‍ സീ സീ ഡീ ക്യാമറ, അകത്തും പുറത്തും ഡിജിറ്റല്‍ ബോര്‍ഡുകള്‍, കലവഷ്ടാ നിയന്ത്രണ സംവിധാനങ്ങള്‍, മൊബൈല്‍, ലാപ്ടോപ് ചാര്‍ജ് ചെയ്യാന്‍ ഉള്ള സൗകര്യം എന്നതെല്ലാം “സ്റ്റാന്‍ഡേര്‍ഡ് ഗേജ് ” സംവിധാനത്തിന്റെ സവിശേഷതകള്‍ ആണത്രേ.

ഈ മണ്ടത്തരങ്ങള്‍ എല്ലാം വായിച്ചു തലയില്‍ കായി വച്ച് ഇരുന്നു പോയി. നമ്മളില്‍ പലരും കുട്ടിക്കാലത്ത് നമുക്ക് പ്രിയപ്പെട്ട സാധാരണ കാര്യങ്ങളില്‍ അമാനുഷികമായ ഹീറോയിസം കണ്ടെത്താന്‍ ശ്രമിക്കുമായിരുന്നല്ലോ. അതാണ്‌ എനിക്ക് ഓര്മ വന്നത്. ഇത് എഴുതിയ ആള്‍ ഒരു “സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആരാധകന്‍” (hero worshipper) ആണെന്ന് തോന്നുന്നു. അല്ലാതെ, ഒരു അളവിന്റെ അംശത്തെ (unit) ഊതിപ്പെരുപ്പിച്ചു ഒരു തികഞ്ഞ സാങ്കേതികവിദ്യ ആക്കി മാറ്റാന്‍ നടത്തിയ ശ്രമങ്ങളെ വേറെ ഒന്നും ആയി കാണാന്‍ കഴിയുന്നില്ല.

റെയില്‍വേ ഭാഷ്യത്തില്‍ ഗേജ് എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് എത്ര കുഴങ്ങിയ സങ്കീര്‍ണ്ണമായ രീതിയില്‍ പറയാന്‍ ശ്രമിച്ചാലും ഇത്രയേ ഉള്ളു: “ഒരേ ട്രാക്കിലെ രണ്ടു റെയില്‍ പാളങ്ങള്‍ തമ്മില്‍ ഉള്ള ദൂരം.” സത്യമായിട്ടും അത്രയേ ഉള്ളു. പാളങ്ങള്‍ തമ്മില്‍ ഉള്ള ദൂരവ്യത്യാസം അനുസരിച്ച് ഗേജുകള്‍ പലതരം: ബ്രോഡ്‌ ഗേജ്  (1676 mm), സ്റ്റാന്‍ഡേര്‍ഡ് ഗേജ് (1435 mm), മീറ്റര്‍ ഗേജ് (1000 m), നാരോ ഗേജ് (760 mm) അങ്ങനെ ഇന്ത്യയില്‍ സുലഭം. എന്നാല്‍, പ്രധാനമായും ബ്രോഡ്‌ ഗേജ് തന്നെയാണ് (80%) ഇന്ത്യയില്‍ ഉപയോഗിക്കുന്നത്, നമ്മള്‍ കാണുന്ന ട്രെയിനുകളെല്ലാം ഓടുന്നത് ബ്രോഡ്‌ ഗേജ് ട്രാക്കുകളിലാണ്. കേരളത്തില്‍ ഈ അടുത്തകാലം വരെ കൊല്ലം – പുനലൂര്‍ പാത മാത്രം മീറ്റര്‍ ഗേജ് ആയിരുന്നു. അതും ബ്രോഡ്‌  ഗേജ് ആയി മാറ്റി. ഗേജ് എന്നത് സാങ്കേതികവിദ്യ ഒന്നുമല്ല, ഒരു അളവ് മാത്രമാണ്. ഉപയോഗിക്കാന്‍ പോകുന്ന റെയില്‍വേയുടെ സ്ഥലകാല സാഹചര്യങ്ങളും എന്തിനു വേണ്ടി ആണോ ഉപയോഗിക്കാന്‍ പോകുന്നത് എന്നുതുടങ്ങിയുള്ള കാര്യങ്ങള്‍ക്ക് ഏതാണോ അനുയോജ്യം എന്നൊക്കെ നോക്കിയാണ്  ഗേജ് തെരഞ്ഞെടുക്കുന്നത് . മാക്സിമം ആളുകളെ ട്രാന്‍സ്പോര്‍ട്ട് ചെയ്യാനും കടുത്ത കാലവര്‍ഷം താങ്ങാനും ഏറ്റവും അനുയോജ്യം ബ്രോഡ്‌ ഗേജ് ആണ്, അതുകൊണ്ട് ഇന്ത്യയില്‍ ഇതുപയോഗിക്കുന്നു. വികസിത രാജ്യങ്ങളില്‍ കൂടുതലായും സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആണുപയോഗിക്കുന്നത്. കാരണം റെയില്‍വേയുടെ പിതാവ് ബ്രിടീഷുകാരന്‍ റോബര്‍ട്ട്‌ സ്ടീഫെന്‍സണ്‍ കണ്ടുപിടിച്ചതാണിത്. ഡല്‍ഹി മെട്രോ പ്രധാനമായും ബ്രോഡ്‌ ഗേജ് ആണ്. ബാംഗ്ലൂര്‍ മെട്രോ ആകട്ടെ, സ്റ്റാന്‍ഡേര്‍ഡ് ഗേജും. സ്ഥലം കിട്ടാനില്ലാത്തത് കൊണ്ടാണ് ഇതെന്ന് നേരത്തെ പ്രസ്താവന ഉണ്ടായിരുന്നു.

മേല്‍പ്പറഞ്ഞ ലേഖനത്തില്‍ പറഞ്ഞിട്ടുള്ളതെല്ലാം സഹിക്കാം. പക്ഷെ സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആരാധന മൂത്ത്, മൊബൈല്‍ ചാര്‍ജെര്‍ പൊയന്റും ഡിസ്പ്ലേ ബോര്‍ഡും മറ്റും വെയ്ക്കാന്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ് സഹായിക്കും എന്ന് പറഞ്ഞത് കുറച്ചു കൂടിയ കയ്യായി പോയി. അപ്പോള്‍ ബ്രോഡ്‌ ഗേജ് ആയ ഇന്ത്യന്‍ റെയില്‍വേയുടെ ട്രെയിനുകളിലും ഡല്‍ഹി മെട്രോ ട്രെയിനുകളിലും ഇപ്പോഴേ ഉള്ള മേല്‍പ്പറഞ്ഞ സംവിധാനങ്ങള്‍ എങ്ങനെ വന്നു? പിന്നെ, സ്റ്റാന്‍ഡേര്‍ഡ് ഗേജ് അല്ലാത്തത് കൊണ്ട് അവ സുരക്ഷിതമല്ല എന്നുണ്ടോ? റെയിലുകളുടെ അകലവും പ്ലുഗ് പോയിന്റ്‌ ഫിറ്റ്‌ ചെയ്യുന്നതും തമ്മില്‍ എന്താണ് ബന്ധം? ആയം കണ്ടുപിടിച്ച ഗേജ് സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആയതുകൊണ്ട് ലോകത്തിലെ 60% റെയില്‍വേയും അത് ഉപയോഗിക്കുന്നു, അത്രമാത്രം. ഇന്ത്യ പോലൊരു രാജ്യത്തിന്‌ സ്റ്റാന്‍ഡേര്‍ഡ് ഗേജ് ഒരിക്കലും ഇണങ്ങില്ല, യാത്രക്കാരുടെ എണ്ണം ഒന്നുകൊണ്ടു മാത്രം! ശ്രീധരനെക്കാളും വലിയ ആളൊന്നുമല്ല ഞാന്‍. എന്നാലും മനസ്സില്‍ തോന്നിയത് പറഞു എന്ന് മാത്രം. ഏതായാലും ഇവര്‍ക്ക് ഈ ലേഖനം എങ്ങനെ പ്രസിദ്ധീകരിക്കാന്‍ തോന്നി? അതോ ഇനി നമ്മള്‍ ഈ പോളിടെക്നിക്കില്‍ ഒന്നും പോയിട്ടില്ലാത്തത് കൊണ്ട് കവി ഭാവന നമുക്ക് മനസ്സിലാകാതെ പോയതാണോ?

Comments (0)

Tags: , , , , , , ,

കേരളവും ചില അതിവേഗ തമാശകളും

Posted on 01 February 2012 by vadakkus

കഴിഞ്ഞ ദിവസം മനോരമയിലെ മുന്‍ പേജിലെ പ്രധാന വാര്‍ത്ത‍ കണ്ടു ചിരിച്ചു ചിരിച്ചു ഒരു വഴിയായി. നമ്മുടെ മാധ്യമങ്ങള്‍ ഹ്യുമര്‍ സെന്സ് ഇല്ലാത്തവരാണെന്ന് എന്ന് ഇനി ആരും പറയില്ല. അല്ലെങ്കില്‍ പിന്നെ മുന്‍ പേജിന്റെ കുറുകെ പടവലങ്ങ  അക്ഷരങ്ങളില്‍ ഇങ്ങനെ അടിച്ചു വയുക്കുമോ? “കേരളത്തിന്‌ അതിവേഗ റെയില്‍പാത! തിരോന്തരത്തൂന്ന് കണ്ണൂരേക്ക്‌ വെറും ഒന്നര മണിക്കൂറില്‍ മലയാളികള്‍ക്ക് പറന്നെത്താം!!”  ഹഹഹഹാ ഹയ്യോ ചിരി അടക്കാന്‍ കഴിയുന്നില്ലേ… :D അച്ചായന്റെയും നമ്മുടെ നേതാക്കന്മാരുടെയും ഓരോരോ തമാശകളെ… ഹോ!

അല്ല എങ്ങനെ ചിരിക്കാതിരിക്കും. ഹൈ സ്പീഡ് റെയില്‍വേ പോലും. അതും കേരളത്തില്. നടന്നത് തന്നെ. നമുക്കൊക്കെ അറിയാം, എന്തൊക്കെ സംഭവിച്ചാലും കേരളത്തില്‍ നടക്കില്ലാത്ത, അല്ലെങ്കില്‍ നടക്കാന്‍ സമ്മതിക്കില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്: വ്യവസായങ്ങള്‍ തുറക്കുക, ഇന്ഫ്രാസ്ടക്ചെര്‍ വികസന പ്രൊജെക്ടുകള്‍ നടപ്പിലാക്കുക, ആണും പെണ്ണും തമ്മില്‍ സ്വതന്ത്രമായി ഇടപെഴുകുക എന്നിങ്ങനെ. ഇപ്പോള്‍ ഉള്ള ഒരു റെയില്‍വേ പാളത്തിന് സമാന്തരമായി മറ്റൊരു റെയില്‍വേ പാളം സ്ഥാപിക്കാന്‍ പോലും കഴിയുന്നില്ല. പോട്ടെ, ഉള്ള ട്രെയിനുകള്‍ നേരെ ചൊവ്വേ ഓടിക്കാന്‍ പോലും കഴിയുന്നില്ല. അപ്പോഴാണ്‌ ഇവരൊക്കെ ഇതുപോലെ മണ്ടന്‍ പ്രസ്താവനകളുമായി വന്നു ഒരുമാതിരി ആളെ പൊട്ടനാക്കുന്ന പണി കാണിക്കുന്നത്. 

കേരളത്തില്‍ ഇതിന്റെ പേരില്‍ നടക്കാന്‍ പോകുന്ന സര്‍ക്കസ്സുകള്‍ എന്തെല്ലാം ആണെന്ന് പറയാതെ തന്നെ എല്ലാര്ക്കും അറിയാം. എന്നാലും, നമുക്ക് ഒന്ന് നോക്കാം.

ഹൈ സ്പീഡ് റെയിലിന്റെ പേരില്‍ നടക്കാന്‍ പോകുന്ന കോലാഹലങ്ങള്‍

 • 10 വര്‍ഷത്തില്‍ 150 ഹര്‍ത്താലുകള്‍/ബന്ദുകള്‍.
 • കണക്കില്ലാത്ത മാര്‍ച്ചുകള്‍, ധര്‍ണകള്‍, സമരങ്ങള്‍, ഉപരോധങ്ങള്‍.
 • മേല്‍പ്പറഞ്ഞവയ്ക്ക് അകമ്പടി ആയി ലാത്തിച്ചര്‍ജുകള്‍, ആകാശത്തേക്കും അല്ലാതെയുമുള്ള വെടിവയ്പ്പുകള്‍.
 • തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഉദ്ദേശം 20 ”ഹൈസ്പീഡ് റെയില്‍ വിരുദ്ധ സമിതികള്‍” രൂപം കൊള്ളുന്നു.
 • താന്താങ്ങളുടെ നിയോജകമണ്ടലങ്ങളില്‍ ഉള്ള സ്റ്റേഷനുകളില്‍ ഹൈസ്പീഡ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ്‌ അനുവദിക്കണം എന്ന് പറഞ്ഞു MLA മാര്‍, MP മാര്‍, ജനകീയ വേദി ചോട്ടാ നേതാക്കള്‍, വാര്‍ഡു മെമ്പര്‍മാര്‍ മുതലായവരുടെ സമര കോലാഹലങ്ങള്‍.

കേരളത്തെ നശിപ്പിക്കാനുള്ള ഹൈ സ്പീഡ് റെയില്‍ തുലയട്ടെ!

 • പണക്കാര്‍ക്കും കുത്തക ബൂര്‍ഷ്വാ മുതലാളികള്‍ക്കും കേരളത്തിലുടനീളം തെക്ക് വടക്ക് അതിവേഗത്തില്‍ ഓടി കളിക്കാനുള്ള അവസരമൊരുക്കാന്‍ മാത്രം ആണ് ഹൈസ്പീഡ് റെയില്‍!
 • ഹൈസ്പീഡ് റെയില്‍ ലൈന്‍ മുറിച്ചു കടക്കാന്‍ പറ്റില്ല, അതുകൊണ്ട് അത് കേരളത്തെ രണ്ടായി മുറിക്കും!
 • പതിനായിരങ്ങള്‍ക്ക് തങ്ങളുടെ ഭൂമി, വീടുകള്‍ എന്നിവ നഷ്ടപ്പെടും. പ്രത്യേകിച്ചു പാവപ്പെട്ടവര്‍ക്ക് റെയില്‍ ലൈനിന് അപ്പുറത്തുള്ള തങ്ങളുടെ സ്ഥലങ്ങള്‍ എന്നന്നേക്കുമായി കൈവിട്ടു പോകും!
 • ഹൈസ്പീഡ് റെയില്‍വേ ചൈനയില്‍ പരാജയം ആണ്. അതുകൊണ്ട് ഇവിടെ വേണ്ട.

ഹൈ സ്പീഡ് റയിലിനെ ചുറ്റിപറ്റി ഉയര്ന്നുവരാവുന്ന ആവശ്യങ്ങള്‍

 • ചിറയിന്‍കീഴ്‌, വര്‍ക്കല, കരുനാഗപ്പള്ളി, തിരുവല്ല, വൈക്കം, അങ്കമാലി, പട്ടാമ്പി മുതലായ സ്ഥലങ്ങളില്‍ ഹൈസ്പീഡ് ട്രെയിനുകള്‍ക്ക് നിര്‍ബന്ധമായും സ്റ്റോപ്പ്‌ അനുവദിക്കണം.
 • പിന്നോക്കവിഭാഗങ്ങള്‍ക്കും സാമ്പത്തികമായി അവശത അനുഭവിക്കുന്നവര്‍ക്കും ടിക്കറ്റ്‌ ചാര്‍ജില്‍ 50% സബ്സിഡിയും 50% സീറ്റ്‌ ക്വോട്ടയും അനുവദിക്കുക.
 • ജനങള്‍ക്ക് യാത്ര സൗകര്യം അനുവദിക്കുക എന്നത് ഒരു സോഷ്യലിസ്റ്റ്‌ സര്‍കാരിന്റെ കടമ ആയതിനാല്‍ ടിക്കറ്റ്‌ ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കാം. ടോള്‍ ചാര്‍ജുകള്‍ ഒഴിവാക്കുന്നതുപോലെ. ക്യൂബയിലോക്കെ അങ്ങനെയാണ്.
 • അതീവ ജനസാന്ദ്രതയുള്ള സംസ്ഥാനം എന്ന നിലയ്ക്ക് കേരളത്തിന്‌ ‘പ്രത്യേക പരിഗണ’ നല്‍കി  ഹൈവേകള്‍ 30 മീറ്റര്‍ വീതി ആയി ചുരുക്കാന്‍ ആവശ്യപ്പെട്ടത് പോലെ സ്ഥലം പോകാതിരിക്കാന്‍ രണ്ടു റയില്‍ പാളങ്ങള്‍ക്ക് പകരം ഹൈ സ്പീഡ് റയിലിന് ഒരു പാളം മതി.

തെറ്റിദ്ധരിക്കരുത്. ഞാന്‍ വികസനത്തിന്‌ എതിരല്ല. ഈ ഡയലോഗ് ഏതൊരു വികസന വഴിമുടക്കിയും പറയുന്നതാനെന്നു എനിക്കറിയാം എന്നാലും  എന്നെ ആ കൂട്ടത്തില്‍ പെടുത്തരുത്. ഇത്രയും എഴുതിക്കൂട്ടിയത് തികച്ചും ഒരു cynic എന്ന നിലയില്‍ മാത്രമാണ് , ജനിച്ചകാലം മുതല്‍ ഇതുപോലെയുള്ള പൊള്ളയായ വാഗ്ദാനങ്ങള്‍ മുഖവിലക്കെടുത്ത് വിശ്വസിച്ചു ഒടുക്കം നിരാശനായ ഒരു cynic. ഓരോ പ്രാവശ്യവും ഇതുപോലെ ഓരോന്ന്  പ്രഖ്യാപിക്കുമ്പോള്‍ കണ്ണുകള്‍ വിടര്‍ത്തി, കാത് കൂര്‍പ്പിച്ചു ഞാന്‍ ഉള്‍പ്പെടെയുള്ള പൊതുജനം വളരെ പ്രതീക്ഷയോടെ വായും പൊളിച്ചു നോക്കിയിരിക്കും, “നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്” എന്ന് അഭിമാനത്തോടെ പറയാന്‍ പറ്റുന്ന ആ ദിവസവും നോക്കി. പക്ഷെ അവസാനം നിരാശമാത്രം ആയിരിക്കും ഫലം. ഇതിനുള്ള കാരണം എന്താണെന്ന് എല്ലാവര്ക്കും അറിയാം. ഈ നാട് നന്നായാല്‍ പലതും നഷ്ട്ടപ്പെടുന്ന ഒരുപാട് പേര്‍ ഇവിടെയുണ്ട്, സമ്പത്തും അധിക്കാരവും സ്വാധീനശക്തിയുമുള്ളവര്‍. തങ്ങളുടെ പലവിധത്തിലുള്ള താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഈത്തരത്തിലുള്ളവര്‍ സ്വാധീനവും പണവും സംഘടനാ ശക്തിയും ഉപയോഗിച്ച് പൊള്ള വരട്ടു വാദങ്ങളും ഇല്ലാത്ത മുരട്ടു ന്യായങ്ങളും നിരത്തി ഓരോ പുതിയ പദ്ധതിയും പ്രസ്ഥാനവും ഞെക്കിക്കൊന്നു കുഴിച്ചു മൂടി അതിനു മുകളില്‍ പനിനീര്  തളിക്കും. ഈ പ്രക്രിയ കാലാകാലങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്നു. കേരളത്തിന്‌  ലോകവ്യാപകമായി ദുഷ്പേരും മലയാളിക്ക് തലമുറകളായി ദുരിതവും മാത്രം മിച്ചം.

എത്ര എത്ര പദ്ധതികള്‍. മലയോര ഹൈവേ, തീരദേശ ഹൈവേ, പല എക്സ്പ്രസ്സ്‌ ഹൈവേകള്‍, സാധാരണ ഹൈവേകള്‍, ഫ്ലൈഓവറുകള്‍, സബരി റെയില്‍പാത, എരുമേലി റെയില്‍പാത, വിഴിഞ്ഞം പദ്ധതി, തലശ്ശേരി – മൈസൂര്‍, നിലമ്പൂര്‍ – നന്ച്ന്കോട്, തിരൂര്‍ – ഗുരുവായൂര്‍, തിരുവനന്തപുരം – കൊട്ടാരക്കര – ചെങ്ങന്നൂര്‍ റെയില്‍ പാതകള്‍, കോട്ടയം, ആലപ്പുഴ റെയില്‍പാതകളുടെ ഇരട്ടിപ്പിക്കല്‍, എണ്ണമറ്റ ഐ ടി പാര്‍ക്കുകളും സ്മാര്‍ട്ട്‌ സിറ്റികളും ഇന്‍ഫോ പാര്‍ക്കുകളും വ്യവസായ മേഖലകളും പിന്നെ കെ എസ് ആര്‍ ടി സിയും… ഇവയില്‍ മിക്കതും അകാല ചരമം അടഞ്ഞുകഴിഞ്ഞു, ബാക്കിയുള്ളവ പലതും ലൈഫ് സപ്പോര്‍ട്ടില്‍ കഴിയുന്നു. ആ പട്ടികയിലേക്ക് ചേര്‍ക്കാവുന്നതാണ് ഹൈ സ്പീഡ് റെയിലും.

ഇനി, സത്യമായ ഒരു സ്വപ്നം പോലെ ഇത് സത്യമായി എന്ന് വരട്ടെ. എന്താണ് സംഭവിക്കാന്‍ പോകുന്നത്? ബംഗ്ലൂരിലെ മെട്രോ പോലെ ഒരു കൌതുകവസ്തു ആയി ഇത്  അവശേഷിക്കും. ബാംഗ്ലൂര്‍ മെട്രോ ആദ്യ പാദത്തില്‍ ആണ് എന്നെങ്കിലും പറയാം. ഹൈ സ്പീഡ് റെയില്‍ നല്ല ആശയം ആണെങ്കിലും, മുട്ടിനു മുട്ടിനു വലിയ സ്റ്റേഷനുകള്‍ ഉള്ള, അവയില്‍ ഒക്കെ അതി ദീര്‍ഖദൂര ട്രെയിനുകള്‍ക്കുപോലും സ്റ്റോപ്പ്‌ ഉള്ള കേരളത്തില്‍ ഇത് എത്ര മാത്രം പ്രായോഗികമാകും എന്ന്  കണ്ടറിയണം. കാരണം, തിരുവനന്തപുരം – കണ്ണൂര്‍ നോണ്‍ സ്റ്റോപ്പ്‌ ആയി ഓടിക്കുന്നതില്‍ പ്രത്യേകിച്ച് അര്‍ഥം ഒന്നും ഇല്ലല്ലോ. ഈ റൂട്ടിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരം നോക്കാം: തിരുവനന്തപുരം – കൊല്ലം 70 km, കൊല്ലം – കോട്ടയം – 90 km, കോട്ടയം – ഏറണാകുളം 60 km, ഏറണാകുളം – തൃശൂര്‍ 60 km, തൃശൂര്‍ – ഷോര്‍ണൂര്‍ 30 km, ഷോര്‍ണൂര്‍ – തിരൂര്‍ 50 km, തിരൂര്‍ – കോഴിക്കോട് 50 km, കോഴിക്കോട് – കണ്ണൂര്‍ 100 km. ഈ ദൂരങ്ങള്‍, പുതുതായി ഉണ്ടാക്കാന്‍ പോകുന്ന ലൈന്‍ കണക്കില്‍ എടുത്തു കൊണ്ടാണ്.

200 km സ്പീഡില്‍ ഓടുന്ന ട്രെയിനിന് എല്ലാ 50 കിലോമീറ്ററിലും ഒരു സ്റ്റോപ്പ്‌ എന്ന് ആവശ്യപ്പെടുന്നത് പോലും അതിന്റെ ഉദ്ദേശ്യത്തെ തകര്‍ക്കും. ഓരോ 15 – 20  മിനിറ്റിലും വണ്ടി നിര്‍ത്തേണ്ടി വരും. ഒരിക്കലും 150 കിലോമീറ്ററിന് മുകളില്‍ സ്പീഡ് എടുക്കാനും പറ്റും എന്ന് തോന്നുന്നുമില്ല. അല്ലെങ്കില്‍ എറണാകുളത്തും കോഴിക്കോടും മാത്രം ആയി സ്റ്റോപ്പുകള്‍ പരിമിതപ്പെടുത്തേണ്ടി വരും. പ്രശ്നം എന്ന് പറയേണ്ട കാര്യം ഇല്ലല്ലോ. അല്ലെങ്കില്‍ പിന്നെ ഇത് ബംഗ്ലുര്‍ക്കോ മദ്രാസിനോ നീട്ടേണ്ടി വരും. അതിനു എണ്ണമറ്റ ലോബികള്‍ സമ്മതിക്കുകയുമില്ല. അപ്പോള്‍ ഈ പദ്ധതിയും എപ്പോ വീര ചരമം അടഞ്ഞു എന്ന് ചോദിച്ചാല്‍ മതി. പൊതുജനം പിന്നെയും ശശി.

ദിവസവും 40 ട്രെയിനുകള്‍ ഓടുന്ന എറണാകുളം – കോട്ടയം - കായംകുളം ലൈന്‍ ഇരട്ടിപ്പിക്കല്‍ പ്രസ്ഥാനം 10 കൊല്ലം മുന്‍പ് തുടങ്ങിയതാണ്‌. 115 കിലോമീറ്ററില്‍ ഏതാണ്ട് 25 km ഈ 10 വര്ഷം കൊണ്ട് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു. ഈ ഒറ്റ ലൈനില്‍ ഇനിയും കൂടുതല്‍ ട്രെയിന്‍ ഓടിക്കാന്‍ പറ്റില്ല എന്ന് റെയില്‍വേ. തിരുവനന്തപുരത്ത് ട്രെയിനുകള്‍ക്ക് പാര്‍ക്കിംഗ് സ്ഥലം ഇല്ലാത്തതിനാല്‍ കൂടുതല്‍ ട്രെയിന്‍ അനുവദിക്കാനും വകുപ്പില്ല. കൊല്ലം – ചെങ്കോട്ട ഗേജ് മാറ്റം എങ്ങും എത്തിയിട്ടില്ല. എറണാകുളം – ഷോര്‍ണൂര്‍ റൂട്ടില്‍ രണ്ടു പാളങ്ങള്‍ കൂടി ഉടന്‍ വേണ്ടി വരും. ഷോര്‍ണൂര്‍ – മംഗലാപുരം ലൈന്‍ ഇരട്ടിപ്പിക്കല്‍, വൈദ്യുതികരണം എന്നാ പേരിലൊക്കെ എന്തൊക്കെയോ കാലങ്ങളായി നടക്കുന്നുമുണ്ട്. 10 ലക്ഷം മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ബംഗ്ലൂരില്‍ നിന്നും ഒരു ദിവസേന ട്രെയിന്‍ പോലും ഓടിക്കാനും പറ്റിയിട്ടില്ല. അങ്ങനെ മൊത്തത്തില്‍ കേരളം ഇന്നും സതേണ്‍ റെയില്‍വേ എന്ന് പറഞ്ഞു തമിഴന്‍ വല്ലപ്പോഴും തരുന്ന അപ്പകഷ്ണങ്ങല്‍ക്കായി തെണ്ടിക്കൊണ്ട് വായും പൊളിച്ചു ഇരിക്കുന്നു. അപ്പഴാണ് ഒരു ഹൈ സ്പീഡ് റെയില്‍!

ഉള്ള “ലോ ടെക്” ട്രെയിനുകള്‍ നേരെ ചൊവ്വേ ഓടിക്കുകയാണ് വേണ്ടത്. അതിനൊട്ടു പറ്റുകയുമില്ല, പിന്നെ അത് മറച്ചു വച്ച് ആളെ ശശി ആക്കാന്‍ വേണ്ടി “വായില്‍ തോന്നിയത് കോതക്ക് പാട്ട്” എന്ന രീതിയില്‍ ഓരോ പ്രസ്ഥാവനയിമായി ഇറങ്ങിക്കോളും, ഹൈ സ്പീഡ് റെയില്‍, തേങ്ങ മാങ്ങാ എന്നൊക്കെ പറഞ്ഞുകൊണ്ട്.

ദാ ധിപ്പോ ശരിയാകും. നോക്കിയിരുന്നോ.

(This post in available in English also. Click here)

(A cynical approach to the proposed plan of starting a high-speed railway line from Trivandrum to Kannur/Kasargod in Kerala, India, a state known for militant trade unionism and policies that thwart infrastructural development)

Comments (1)

Tags: , ,

കാവ്യ മാധവനും ക്യൂവും

Posted on 14 April 2011 by vadakkus

ഇന്നലെ കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നു. സാധാരണക്കാര്‍ ഒരു ദിവസത്തെ കൂലി കളഞ്ഞും കഷ്ടപെട്ടും വെയില്‍ കൊണ്ടും ക്യൂവില്‍ നിന്ന് ജനാധിപത്യ പ്രക്രിയ നടപ്പാക്കി. 75 % സമ്മദി ദായകര്‍ തങ്ങളുടെ വോട്ടു രേഖപ്പെടുത്തി. അഭിമാനിക്കാം.

അപ്പോഴാണ്‌ ഈ സംഭവം:

“സിനിമാതാരം കാവ്യ മാധവന്‍ വോട്ട് ചെയ്യാതെ മടങ്ങി”

എന്തേ? ആരെങ്കിലും അരുതാത്തത് വല്ലതും…?

ഇല്ല. അവരോടു പൊതുജനം ക്യൂവില്‍ നില്ക്കാന്‍ പറഞ്ഞു. അതാണ്‌ പ്രശ്നം. വീഡിയോ ഇവിടെ കാണാം: (നന്ദി, ഏഷ്യാനെറ്റ്)

വീഡിയോ ശ്രദ്ധിച്ചാല്‍ നാല് കാര്യങ്ങള്‍ വ്യക്തമാകും.

1. “ഞാന്‍ ഭയങ്കര പ്രാധാന്യം ഉള്ള VVIP ആണ്, കൂടിയ ഇനം, ഈ ആള്‍ക്കാരുടെ ഇടയില്‍ ക്യൂ നില്‍ക്കാണ്ടേ കാര്യമേ ഇല്ല” എന്നാ ഭാവത്തില്‍ അവര്‍ ഇടം വലം നോക്കാതെ നേരെ മുന്നില്‍ ചെന്ന് നില്‍ക്കുന്നു. – അഹങ്കാരം

2. കാവ്യയുടെ പുറകെ അച്ഛന്‍, അമ്മ, പരിവാരങ്ങള്‍ എന്നിവരും ക്യൂ ചാടാന്‍ റെഡി ആകുന്നു.

3. ഒരു ചെറുപ്പക്കാരന്‍ ഇവര്‍ ക്യൂ ചാടുന്നതിനെതിരെ പ്രതിഷേധിക്കുന്നു, അവര്‍ പിന്നോട്ട് മാറാന്‍ നിര്‍ബന്ധിതയാകുന്നു.

4 . “അഛാ, ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ..” എന്ന് പറയുന്ന കാവ്യ. ബാക്കി പറഞ്ഞത് ക്യാമറയില്‍ പതിഞ്ഞിട്ടില്ല. “…ഈ പരിപാടിക്ക് വരണ്ട എന്ന്” എന്നാണോ കാവ്യ ഉദ്ദേശിച്ചത്?

ബീവരിജെസ്-ല്‍ അല്ലാതെ മലയാളികള്‍ സാധാരണ ഒരിടത്തും ക്യൂ നില്‍ക്കാറില്ല. അപ്പൊ കുറച്ചു പേരും പ്രശസ്തിയും ഉള്ളവരുടെ കാര്യം പറയാനുണ്ടോ? പ്രത്യേകിച്ചും എവിടെ ചെന്നാലും ‘ആരാധകര്‍’ വളയുന്ന, ആവശ്യപ്പെടുന്ന എന്തും മുന്നില്‍ എത്തിച്ചു കിട്ടുന്ന സിനിമാതാരങ്ങള്‍? “ഞാന്‍ എന്തോ വലിയ സംഭവം ആണ്” എന്ന് ഇവര്‍ക്ക് തോന്നിപ്പോകുന്നത് സ്വാഭാവികം. “ക്യൂവില്‍ നില്‍ക്കണം” എന്ന ചെറിയ തോന്നല്‍ പോലും ഉണ്ടാകാത്ത ഇവരുടെ പെരുമാറ്റത്തെ ധാര്‍ഷ്ട്യം, അഹങ്കാരം എന്നൊക്കെ വേണമെങ്കില്‍ പറയാം. നിയമം അനുസരിച്ച് ക്യൂവില്‍ നില്‍ക്കുന്ന ആള്‍ക്കാര്‍ എല്ലാം എന്തേ, മണ്ടന്‍മാരാ? എല്ലാവരും “ഞാന്‍ ആളാണ്” എന്ന് ചിന്തിക്കാന്‍ തുടങ്ങിയാലോ?

കാവ്യേ, പ്രായമായവര്‍, രോഗികള്‍ എന്ന് വേണ്ട, ഇന്ത്യയുടെ പ്രതിരോധ മന്ത്രിക്ക് പോലും 30 മിനിട്ട് ക്യൂവില്‍ നിന്ന് വോട്ട് ചെയ്യാമെങ്കില്‍ നിങ്ങള്ക്ക് എന്ത് കൊണ്ട് ആയിക്കൂടാ? ഏതായാലും അദ്ദേഹത്തെക്കാളും ‘വലിയ’ ആളൊന്നും അല്ലല്ലോ നിങ്ങള്‍. വെയിലും പൊടിയും സഹിച്ചു അര ദിവസത്തെ ജോലിയും കൂലിയും കളഞ്ഞു ക്യുവില്‍ നില്‍ക്കുന്ന സാധാരണക്കാരന്റെ വിഷമം നിങ്ങളെ പോലെ ഉള്ളവര്‍ക്ക് മനസ്സിലാകുകയുമില്ല. വോട്ടു ചെയ്യുന്നിടത്ത് എല്ലാവരും തുല്യരാണ്. നിങ്ങള്‍ വെറും ഒരു സിനി ആര്‍ടിസ്റ്റ് മാത്രം ആണ്. ആ ക്യൂ വില്‍ ഉണ്ടായിരുന്ന ആര്‍ക്കുള്ളതിനെക്കളും വലിയ മഹത്വം ഒന്നും നിങ്ങള്ക്കില്ല. ഇവരുടെ വാല്പിടിച്ചു സാധാരണക്കാരന്റെ മെക്കിട്ടു കേറി ആളാകാന്‍ റെഡി ആയി നില്‍ക്കുന്ന  പരിവരങ്ങളുടെ  കാര്യം പറയുകയും വേണ്ട.

പിന്നെ, വോട്ട് ചെയ്യാതെ തിരിച്ചു പോകല്‍: ആര്‍ക്കും ഒരു നഷ്ടവും ഉണ്ടായില്ല കാവ്യേ. “എന്നെ പൊക്കിപ്പിടിച്ച് വലിയ ആളായി കാണാത്ത ഈ പൊതുജനങ്ങളുടെ ഇടയില്‍ നില്ക്കാന്‍ എന്നെ കിട്ടില്ല” എന്നാണ് ഭാവം എങ്കില്‍, ഇതേ “പൊതുജനങ്ങള്‍” ആണ് നിങ്ങളെ നിങ്ങള്‍ ആക്കിയത് എന്ന് ഓര്‍മിച്ചാല്‍ നല്ലത്. നാല് പടം അടുപ്പിച്ചു പൊട്ടിയാല്‍ തീരുന്നത്തെ ഉള്ളു നിങ്ങളുടെ ഈ ഗ്ലാമര്‍ ഒക്കെ. ജനത്തിനും സമൂഹത്തിനും യാതൊരു കാര്യവും ചെയ്യാതെ, നികുതി പോലും അടയ്ക്കാതെ ആളും ഗമയും കളിച്ചു നടക്കുന്ന നമ്മുടെ സിനിമാതാരങ്ങളെ അവര്‍ യഥാര്‍ത്ഥത്തില്‍ ഒന്നും അല്ല എന്ന് കാണിച്ചുകൊടുത്ത ആ ചെറുപ്പക്കാരന് അഭിനന്ദനങ്ങള്‍!

അവസാനം, ഇത്ര ഒക്കെ ആയിട്ടും അവരുടെ മറുപടി: “അയാള്‍ക്ക്‌ മാത്രമേ കുഴപ്പം ഉള്ളു” എന്നാണ്. എന്നിട്ടും അവര്‍ക്ക് മനസ്സിലായില്ലല്ലോ, അവര്‍ക്ക് ക്യൂ കട്ട് ചെയ്യാന്‍ തക്ക മഹത്വം ഒന്നും ഇല്ലെന്നു! കഷ്ടം!

Comments (0)

Tags: , ,

കവലപ്രസംഗം

Posted on 19 November 2010 by vadakkus

ഹല്ലാ. മലയാളത്തില്‍ ഒരു ബ്ലോഗ്‌ വേണം എന്ന് കുറെ കാലമായി വിചാരിക്കുന്നു. പക്ഷെ മേല്പറഞ്ഞ ‘വിദ്യുതഗണനയന്ത്രപരസ്പരബന്ധിതശൃംഖലപ്രബന്ധരചനതല്പത്തിനു’ എന്ത് പേര് കൊടുക്കും എന്നതായിരുന്നു പ്രശ്നം. അങ്ങനെ ഇരുന്നപ്പോഴാണ് ഒരു സുഹൃത്ത്‌ നാട്ടില്‍ കവലയില്‍ എന്തോ അടിപിടി നടന്ന കാര്യം പറഞ്ഞത്. ഏതോ രാഷ്ട്രീയകാരുടെ കവല പ്രസംഗത്തിന്റെ പരിണിതഫലം ആയിരുന്നു അത്. അപ്പോളാണ് മനസ്സില്‍ ഒരു ലഡ്ഡു പൊട്ടിയത്! കവല! കവല പ്രസംഗം!

മലയാളിയുടെ ജീവിതവുമായി അഭേദ്യബന്ധമാണ് കവലകല്‍ക്കുള്ളത്. തമ്മില്‍ കാണാനും കത്തി വെയ്ക്കാനും, എല്ലാം പ്ലാന്‍ ചെയ്യാനും, ബന്ധങ്ങള്‍ സ്ഥാപിക്കാനും മുറിക്കാനും, രാഷ്ട്രീയം, സിനിമ, ഗോസ്സിപ്പ്, ജോലി, ബിസിനസ്‌, ഭാര്യയുടെ കുറ്റം, മക്കളുടെ അഡ്മിഷന്‍, ഒബാമയുടെ നയതന്ത്രം, തെക്കേതിലെ സുന്ദരിയുടെ മുടിനീളം മുതല്‍ ലേറ്റസ്റ്റ് പീഡനം വരെ എന്തും ചൂട് മാറാതെ ചര്‍ച്ച ചെയ്യാനും, രണ്ട് അടിക്കാനും അടി കിട്ടാനും തെറി വിളിക്കാനും ജനറല്‍ അലമ്പ് കാണിക്കാനും, പിന്നെ അരി, പച്ചകറി ആദിയായ പലവ്യഞ്ജനങ്ങള്‍ വാങ്ങിക്കാനും എന്ന് വേണ്ട എല്ലാത്തിനും  മലയാളിക്ക് കവലയെ ആശ്രയിക്കണം. നഗരവാസിയല്ലാത്ത മലയാളിയുടെ ‘സോഷ്യല്‍ ലൈഫ്’ ഏതാണ്ട് പൂര്‍ണമായും അടുത്ത ‘കവലയെ’ ചുറ്റിപറ്റിയാണ് നിലനില്‍ക്കുന്നത്.

ഈ കവലകില്‍ നിന്നാണ് കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉടലെടുത്തതും വളര്‍ന്നതും. നഗരങ്ങളില്‍ നിന്നല്ല. ഈ കവലകളില്‍ നടന്ന അര്‍ത്ഥശൂന്യമായ ‘കവല പ്രസംഗങ്ങളില്‍’ നിന്നാണ്. അങ്ങനെ ആണ് കവല പ്രസംഗം എന്നാ വാക്ക് ഉണ്ടായത് തന്നെ. ‘പൊള്ളയായ, ശബ്ദം കൂട്ടിയുള്ള, അര്‍ത്ഥശൂന്യമായ വാക്ക് കച്ചേരി’ എന്ന് വേണമെങ്ങില്‍ ഇതിനു പറയാം. അതില്‍ നിന്നും പ്രചോദനം ഉള്കൊണ്ടാതാണ് ഈ ബ്ലോഗ്‌.

കേരളത്തെ കുറിച്ചും, മലയാളത്തെ കുറിച്ചും, മലയാളിയെ കുറിച്ചും ഉള്ള ധാരാളം  ഉള്കാഴച് നിറഞ്ഞ കുറിപ്പുകള്‍ ഇവിടെ നിന്ന് പ്രതീക്ഷിക്കാം. കവല പ്രസംഗത്തിന്റെ ഭാഷയില്‍ :) വായിക്കുക.

നന്ദിയോടെ,

വടക്കൂസ് :)

Comments (8)

Advertise Here
Advertise Here