Archive | കേരളം

Tags: , , ,

ലോട്ടറി ‘അടിക്കുന്നു’, കേരളം കൊള്ളുന്നു. ഭാഗം 2

Posted on 22 February 2011 by vadakkus

“പണമുണ്ടാക്കാന്‍ വേണ്ടി എത്ര പണം വേണമെങ്കിലും ചിലവാക്കാന്‍  പ്രത്യേകിച്ചും മലയാളി തയ്യാറാണ്!”

മനുഷ്യന്റെ ആത്യന്തിക ജീവിത ലക്‌ഷ്യങ്ങള്‍  തിന്നണം, കുടിക്കണം, ഉറങ്ങണം, ഇണ ചേരണം എന്നൊന്നുമല്ല. എങ്ങനെയെങ്ങിലും പണമുണ്ടാക്കണം എന്നണ്. ഒന്ന് ചിന്തിച്ചാല്‍, മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്കും പണം വേണമല്ലോ. അത് അത്ര എളുപ്പം കിട്ടുന്ന സാധനവുമല്ല. കാശുണ്ടാക്കാന്‍ പാരമ്പര്യം, വിവാഹം, അതി കഠിനമായി അധ്വാനിക്കുക എന്നിങ്ങനെയുള്ള നേരായ വഴികളുണ്ട്, അതിനെക്കാളുമേറെ വളഞ്ഞ ഒരുപാട് വേറെ വഴികളുമുണ്ട്. പക്ഷെ, അതിനും കഷ്ടപ്പെടണം, അസാമാന്യ കഴിവും ധൈര്യവും വേണം. ‘അധ്വാനിക്കാതെ എളുപ്പത്തില്‍ എങ്ങനെ പണക്കാരനാകം’ എന്ന് ചിന്തിച്ചു ജന്മം പാഴാക്കുന്ന കുഴിമടിയനായ ആവറേജ് മലയാളിക്ക് ഇന്നൊന്നും പറഞ്ഞിട്ടുമില്ല. പിന്നെ? ഒരേ ഉത്തരം: ലോട്ടറി!

മലയാളികളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ് ലോട്ടറി. കേരളത്തില്‍, ലോട്ടറി ഒരു “സാംസ്കാരിക പ്രതിഭാസം” ആണ് എന്ന് വേണമെങ്കില്‍ പറയാം. സൈക്കളില്‍ ഒരു പലക മേലെ ടിക്കറ്റുകള്‍ അടുക്കി വച്ച് “നാളെ, നാളെ, നാളത്തെ കേരള” എന്ന അനൌന്‍സ്മെന്റുമായി കവലയിലും ബസ്‌ സ്റ്റാന്‍ഡിലും തെക്ക് വടക്ക് നടക്കുന്ന ‘ലോട്ടറിക്കാരന്‍’, കേരളത്തില്‍ ജനിച്ചു വളര്‍ന്ന ആരുടേയും ‘കുട്ടിക്കാല നൊസ്റ്റാള്‍ജിയയുടെ’ ഭാഗം പോലുമാണ്. ഒരു ‘ലോട്ടറി അടിച്ചിട്ട് വേണം ____ ഒന്ന് ചെയ്യാന്‍/സാധിക്കാന്‍” എന്ന ചിലരുടെ മനോഭാവം കണ്ടാല്‍, ലോട്ടറി അടിക്കുക എന്നത് ഭാഗ്യമല്ല, അവകാശമാണെന്ന് തോന്നിപ്പോകും. എങ്ങനെയെങ്കിലും കാശുണ്ടാക്കണം എന്ന ചിന്തയുടെ കൂടെ അധ്വാനിക്കുള്ള മലയാളിയുടെ വിമുഖതയും കൂടെ ആകുമ്പോള്‍ ലോട്ടറികള്‍ക്ക് ഹണിമൂണ്‍കാലം. പണമുണ്ടാക്കുക = ലോട്ടറി എന്ന് തന്നെയാണ് ചിന്താധാര. ലോട്ടറി ഇല്ലാത്ത കേരളത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും പലര്‍ക്കും പറ്റില്ല. അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നിവയെല്ലാം ലോട്ടറി നിരോധിച്ചിട്ടും അത് കേരളത്തില്‍ നടക്കാത്തത് ഇതുകൊണ്ട് തന്നെ.

പച്ചക്കറി, കല്യാണചെറുക്കന്‍ മുതല്‍ സിനിമ മുതല്‍ ലോട്ടറി വരെ കേരളത്തില്‍ എന്നും അയല്സംസ്ഥാന ഐറ്റംസിനാണല്ലോ ഡിമാണ്ട്. എന്നിരുന്നാലും, സിക്കിമിലെയും ഭൂട്ടനിലെയും സര്‍ക്കാരുകള്‍ അടിച്ചിറക്കുന്ന, അല്ലെങ്കില്‍ അടിച്ചിറക്കുന്നു എന്ന് നമ്മളും അവരും വിശ്വസിച്ചിരുന്നതുപോലെയല്ല കാര്യങ്ങള്‍ എന്ന് ഈയിടെ മനസ്സിലാക്കിയെങ്കിലും, ആരും അത് കാര്യമാക്കാത്തിനു കാരണം ഈ ആര്‍ത്തി തന്നെ. തട്ടിപ്പ് ആണെങ്കിലും എങ്ങാനും അടിച്ചാലോ?

ഇത് ഒരു addiction കൂടിയാണ്, മദ്യപാനവും പുകവലിയും പോലെ. ചൂതാട്ടം (gambling) ചികിത്സ വേണ്ട ഒരു രോഗം തന്നെയാണ്. പക്ഷെ അതൊക്കെ ഇവിടെ പറയാന്‍ പറ്റുമോ? വിവരം അറിയും. അതുകൊണ്ട് പ്രിയപ്പെട്ട മലയാളികളെ, ലോട്ടറി എടുക്കു, എടുക്കു, അത് കഴിഞ്ഞു ബാക്കി വല്ലതും ഉണ്ടെങ്കില്‍ ഒരെണ്ണം അടിച്ചിട്ട് സിലസില ഹെയ് സിലസില എന്ന് പാടി, നാട്ടുകാരെയും തെറിവിളിച്ചു പോയിക്കിടന്നു ഉറങ്ങ്‌. നാളെ അടിച്ചാലും ഇല്ലെങ്കിലും, കൊള്ളും സംശയം വേണ്ട.

Comments (2)

Tags: , , ,

ലോട്ടറി ‘അടിക്കുന്നു’, കേരളം കൊള്ളുന്നു. ഭാഗം 1

Posted on 15 December 2010 by vadakkus

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഒന്നിന് പിറകെ ഒന്നായി വെളിച്ചത്തു വന്നുകൊണ്ടിരിക്കുന്ന കേരളത്തിലെ ലോട്ടറിക്കച്ചവട സത്യങ്ങള്‍ പരിശോധിച്ചുനോക്കിയാല്‍, കേരളത്തില്‍ എന്തോ കാര്യമായ കുഴപ്പമുണ്ടോ എന്ന് സംശയിച്ചുപോകും. ഇതിനുള്ള കാരണങ്ങള്‍ പലതാണ്. അതിനു മുമ്പായി, ഈ ‘ലോട്ടറി തട്ടിപ്പ് വിവാദം’ കേരളത്തിലെ ‘അന്യസംസ്ഥാന ലോട്ടറിക്കച്ചവടത്തെ’ കുറിച്ച് നമ്മളെ ബോധ്യപ്പെടുത്തിയത്:

  • അന്യസംസ്ഥാന ലോട്ടറിയുടെ നടത്തിപ്പ് ഫുള്‍ വെട്ടിപ്പാണ്.
  • വലിയൊരു ശതമാനം ടിക്കറ്റുകളും വ്യാജമാണ്.
  • ഈ ബിസിനെസ്സില്‍ ആരും നികുതി അടക്കുന്നില്ല.
  • ഇനി അഥവാ ‘അടിച്ചാല്‍’ തന്നെ, സമ്മാനത്തുക നിങ്ങളുടെ കയ്യില്‍ കിട്ടണമെന്നില്ല.

ചുരുക്കത്തില്‍, ആരോ എവിടുന്നോ ടിക്കറ്റ്‌ അടിച്ചിറക്കുന്നു, ആരോ വിതരണം ചെയ്യുന്നു, വേറെ ആരോ വില്‍ക്കുന്നു, എവിടെയോ നറുക്കെടുപ്പു നടക്കുന്നു, ആര്‍ക്കൊക്കെയോ സമ്മാനം ലഭിക്കുന്നു (ഉണ്ടായിരിക്കാം). പൊതുജനം വെറുതെ പണം ലോട്ടറിക്കാരന് സംഭാവന കൊടുക്കുന്നു. (വ്യാജ ടിക്കറ്റുകളിലെ നമ്പറുകള്‍ എങ്ങനെയായാലും നറുക്കെടുപ്പില്‍ വരുന്നില്ലല്ലോ)

എല്ലാ തട്ടിപ്പ് കേസുകളിലും നടക്കുന്നതു പോലുള്ള പരസ്പര ആരോപണങ്ങളും വാക്പയറ്റുകളും പ്രസ്താവനമത്സരങ്ങളും ആരെയൊക്കെയോ ബോധ്യപ്പെടുത്താന്‍ ഉണ്ടെന്നു പോലെയുള്ള അന്വേഷണ-നടപടി-സസ്പെന്‍ഷന്‍ നാടകങ്ങളും എല്ലാം മുറപോലെ നടന്നു. എന്നാല്‍, ഇവിടെ അതിശയിപ്പിക്കുന്ന കാര്യം ഇതാണ്: കേരളം കണ്ടിട്ടുള്ള മറ്റു ‘പൊതുജന തട്ടിപ്പുകേസുകളില്’ നിന്നും വ്യത്യസ്തമായി (ആട്, ചിട്ടി, മാഞ്ചിയം, etc), ഈ വിവരങ്ങള്‍ എല്ലാം പുറത്തു വന്നിട്ടും ലോട്ടറികളുടെ വില്‍പ്പനയ്ക്ക് യാതൊരു കോട്ടവും വന്നിട്ടില്ല. കൂടിയിട്ടുണ്ടെങ്കിലേ ഉള്ളു. ഈ കാരണം കൊണ്ട് തന്നെ, യഥാര്‍ത്ഥ പ്രതികള്‍ തട്ടിപ്പ് നടത്തുന്നവരാണോ അതോ തട്ടിപ്പിനിരയായ പൊതു ‘കഴുത’ ജനമാണോ എന്ന് സംശയം തോന്നിപോകും.

ആദ്യം പറഞ്ഞത് പോലെ, കേരളത്തിലെ ‘പ്രബുദ്ധരായ’ ജനങ്ങള്‍ക്ക്‌ ഈ കാര്യത്തില്‍ കാര്യമായ എന്തോ കുഴപ്പമുണ്ട്. ഇത്രയധികം കോലാഹലമുണ്ടാക്കി  എല്ലാ മാധ്യമങ്ങളിലും ’അന്യസംസ്ഥാന ലോട്ടറികള്‍ തട്ടിപ്പാണ്’ എന്ന വാര്‍ത്തകള്‍ നിറഞ്ഞുനിന്നിട്ടും, ഇതിനെക്കുറിച്ച് എല്ലാം അറിഞ്ഞിട്ടും, ഇതൊന്നും നടക്കുന്നില്ല എന്ന് നടിച്ചു സാക്ഷരകേരളം പിന്നെയും അന്യസംസ്ഥാന ലോട്ടറികള്‍ വാങ്ങിച്ചു കൂട്ടി കയ്യിലുള്ള പണം വെറുതെ എറിഞ്ഞു കളയുന്നു. “ഞാന്‍ വെട്ടിപ്പിനിരയാവാന്‍ തയ്യാറാണ്” എന്ന് പറഞ്ഞു കാശുമായി ചെന്ന് നിന്ന് കൊടുത്താല്‍ പിന്നെ എന്ത് ചെയ്യും? കുറച്ചുനാള്‍ ഈ ലോട്ടറികള്‍ കിട്ടാതായപ്പോള്‍ ബ്ലാക്കില്‍ ഇവ വാങ്ങിക്കാന്‍ വന്‍ തിരക്കായിരുന്നത്രേ! കഷ്ടം!

കേരളത്തില്‍ ജനങ്ങള്‍ കുടിച്ചു നശിക്കുന്നു എന്ന് വിലപിക്കാന്‍ BBC മുതല്‍ ദീപിക വരെ എല്ലാവര്ക്കും ഭയങ്കര താല്പര്യമാണ്. എന്നാല്‍ ഈ വിപത്തിനെക്കുറിച്ച് പറയാന്‍ ഒരുത്തനുമില്ല. വെള്ളമടിച്ചാല്‍ തലയ്ക്കെങ്കിലും പിടിക്കും. ഇതോ? ഒരിക്കലും വരാത്ത പണത്തിനായി ശ്രമിച്ചു കയ്യിലുള്ള കാശും കൂടി വെറുതെ പോകുന്നു. എന്താണിതിനു കാരണം? ലോട്ടറി യുടെ അടി കൊള്ളാനായി കേരളം പുറം കാണിച്ചുകൊടുക്കുന്നതെന്തിനാണ്?

ഇതിനുള്ള കാരണങ്ങള്‍ വരുന്നു – ഭാഗം 2 വായിക്കുക

Comments (0)

Tags: , , , , ,

പുതുക്കാടുകാര്‍ക്ക് അഭിവാദ്യങ്ങള്‍!

Posted on 06 December 2010 by vadakkus

കേരളത്തില്‍ ഇന്ന് റോഡ്‌ ആണ് പ്രശ്നം. റോഡ്‌ ഉണ്ടങ്കിലെ വികസനം വരൂ എന്നതൊക്കെ പഴയ പ്രശ്നം. ഇന്നത്‌ ജീവിതപ്രശ്നമാണ്. ഇടുങ്ങിയ, പൊട്ടിപൊളിഞ്ഞ (ചിലയിടങ്ങളില്‍ ഇല്ലാത്തതുമായ) റോഡുകളും, കൊതുക് പോലെ സര്‍വത്ര പെരുകുന്ന വാഹനങ്ങളും പിന്നെ കയ്യേറ്റവും എല്ലാം ചേര്‍ന്ന് കേരളം ഇന്ന് മൊത്തത്തില്‍ ഒരു ‘ബ്ലോക്ക്‌ (ട്രാഫിക്‌ ജാം) പഞ്ചായത്ത്’ ആയി മാറിയിരിക്കുകയാണ്. ആളുകള്‍ റോഡില്‍ കുരുങ്ങി കിടന്നു ജീവിതത്തിന്റെ നല്ലൊരു ഭാഗം പാഴാക്കുന്നു. ആകെ ഉള്ള റോഡുകളില്‍ വാഹനങ്ങളെക്കാളും കൂടുതല്‍ കുഴികളും. ചില ഇടങ്ങളില്‍ റോഡുകള്‍ ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. പകരം ചെളിവെള്ളം കെട്ടി കിടക്കുന്ന പാതാളക്കിടങ്ങുകളും ചിതറിക്കിടക്കുന്ന കല്ലുകളും മാത്രം..

ആകെ കൂടെ പാവക്കയുടെ വലിപ്പവും 4 കോടി ജനങ്ങളും ഉള്ള കേരളത്തില്‍ റോഡ്‌ എവിടെ ഉണ്ടാക്കാന്‍? എല്ലാവനും റോഡ്‌ വേണം, പക്ഷെ ഉണ്ടാക്കാന്‍ സ്ഥലം ഭൂമിയില്‍ ഇല്ല, ഉണ്ടെങ്കില്‍ത്തന്നെ കൊടുക്കത്തുമില്ല. റോഡിനു വീതി കൂട്ടുന്ന കഥ പറയുകയും വേണ്ട. എന്നാല്‍ പിന്നെ എക്സ്പ്രസ്സ്‌ വേ, ഫ്ലൈഓവര്‍ (മേല്‍പാലം) ഇതൊക്കെ ഉണ്ടാക്കി രക്ഷപ്പെടാമെന്ന്  വച്ചാലോ? അപ്പോഴും പ്രശ്നമാണ്. മേല്‍പാലം ഉണ്ടാക്കിയാല്‍ ഇപ്പോള്‍ താഴെ റോഡില്‍ മാത്രമുള്ള വാഹനങ്ങള്‍ ഒരു ലെവല്‍ കൂടെ മുകളിലും വരും, അതുകൊണ്ട് ഇപ്പോള്‍ താഴെ ഭൂമിയില്‍ മാത്രമുള്ള പുക, ശബ്ദം, പൊടി മുതലായവ കൊണ്ടുള്ള മലിനീകരണം ഒരു ലെവല്‍ മുകളില്‍ ആകാശത്തുകൂടെ ഉണ്ടാകും എന്നാണ് ‘മുകളില്‍ പിടിയുള്ളവര്‍’ പറയുന്നത്. അത് മാത്രമല്ല, മഴ ഭൂമിയില്‍ എത്തില്ല, കാശുള്ള ‘മുതലാളിമാര്‍’ ആകാശത്തുകൂടെ കാര്‍ ഓടിച്ചു രസിക്കും എന്നൊക്കെയുള്ള ജീവന്മരണ പ്രശ്നങ്ങള്‍ വേറെ. ഏതു നാട്ടിലും ഈവക ഇല്ലാത്ത കാര്യങ്ങള്‍ നിരത്തി ഏതു വികസന പ്രവര്‍ത്തനവും മുടക്കാന്‍ നാട്ടുകാര്‍, വ്യാപാരികള്‍, രാഷ്ട്രീയക്കാര്‍ എന്ന് വേണ്ട ധാരാളം ടീംസ് റെഡി. ഇങ്ങനെ പണിതീരാതെ നില്‍കുന്ന പല മേല്‍പ്പാലങ്ങളുടെയും അസ്ഥികൂടങ്ങള്‍ NH47 -ഇല്‍ അങ്കമാലിക്കും തൃശൂരിനും ഇടയില്‍ കാണാം.

അപ്പോഴാണ്‌ ഈ ഞെട്ടിക്കുന്ന വാര്‍ത്ത‍: മേല്പറഞ്ഞ NH47 -ഇല്‍, തൃശുരിനടുത്തു പുതുക്കാടില്‍ നാട്ടുകാര്‍ അവിടെ ഒരു മേല്‍പ്പാലം ലഭിക്കാന്‍ നിയമയുദ്ധം നടത്തി അതിനു അംഗീകാരം വാങ്ങിയിരിക്കുന്നു! (വാര്‍ത്ത‍ ഇവിടെ വായിക്കാം: ക്ലിക്ക്) പറഞ്ഞാല്‍ മനസ്സിലാകാത്ത അധികാരികള്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചപ്പോള്‍ നാട്ടുകാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. NH47 -ലെ പുതുക്കാട് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മേല്‍പ്പാലം സഹായിക്കും എന്ന് ആര്‍ക്കും തര്‍ക്കമില്ല. ഇത് മനസ്സിലാക്കി ഇത്രയും കഷ്ടപ്പെട്ട് കോടതി വരെ പോയി ഇതിനു അംഗീകാരം വാങ്ങിച്ച നാട്ടുകാര്‍ക്ക് അഭിനന്ദനങ്ങള്‍! എല്ലായിടത്തും നാട്ടുകാരും അധികാര കസേരയില്‍ ഇരിക്കുന്നവരും ‘മുകളില്‍ പിടിച്ചു’ മുടന്തന്‍ ന്യായങ്ങള്‍ നിരത്തി ഏതു വിധേനയും വികസനം തടസ്സപ്പെടുത്തുന്ന നാട്ടില്‍ ഈ വാര്‍ത്ത‍ കേട്ടപ്പോള്‍ വിവരമുള്ളവര്‍ കേരളത്തിലുമുണ്ട്‌ എന്ന കാര്യമോര്‍ത്തു സന്തോഷം തോന്നി.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കോട്ടയം ബേകര്‍ ജംഗ്ഷനില്‍ ഫ്ലൈഓവര്‍ പണിയണം എന്ന പ്രൊപോസല്‍ വന്നപ്പോള്‍ ‘ഫ്ലൈഓവര്‍ വിരുദ്ധ സമിതി’ ഉണ്ടാക്കിയ മഹാന്മാരെയാണ് ഈ വാര്‍ത്ത കേട്ടപ്പോള്‍ ഓര്‍മ്മ വന്നത്. ഈ മേല്‍പ്പാലം വന്നിരുന്നെങ്കില്‍ കോട്ടയം നഗരത്തിലെ ട്രാഫിക്‌ കുരുക്ക് എന്നെന്നേക്കുമായി ഇല്ലതായേനെ. ഈ പിന്തിരിപ്പന്മാരുടെ എതിര്‍പ്പ് മൂലം അത് നടക്കാതെ പോയി. കോട്ടയം ഇന്നും ഭീകരമായ കുരുക്കിന്റെ പിടിയില്‍ തന്നെ. ഒന്നെങ്കില്‍ ശുദ്ധ വിവരക്കേട് (മിക്കവാറും), അല്ലെങ്കില്‍ തന്റെ ഏതോ സ്വതാല്പര്യം ഹനിക്കപ്പെടുന്നു എന്ന വികല ചിന്തയായിരിക്കണം ഇത്തരം ‘യഥാര്‍ത്ഥ പിന്തിരിപ്പന്മാരുടെ’ പ്രവര്‍ത്തികള്‍ക്ക് പിന്നില്‍ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. രാഷ്ട്രീയം വേറെ. ഏതായാലും ഇതൊരു പുതിയ തുടക്കമാകും എന്ന് പ്രതീക്ഷിക്കുന്നു. ഏതെങ്കിലും വിവരദോഷികള്‍ വന്നു ആഗോളവല്‍കരണത്തിന്റെയും മുതലാളിതതിന്റെയും പേര് പറഞ്ഞു ഇത് മുടക്കുന്നതിന് മുന്‍പേ NHAI ഇത് പണി തീര്‍ക്കുമെന്നും പുതുക്കാട്ടുകാരെപ്പോലെ വേറെയും നാട്ടുകാര്‍ കേരളത്തില്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു! മുദ്രാവാക്യങ്ങള്‍ മാറി എഴുതാന്‍ സമയമായിരിക്കുന്നു:

അഭിവാദ്യങ്ങള്‍, അഭിവാദ്യങ്ങള്‍! പുതുകാടുകാര്‍ക്ക് അഭിവാദ്യങ്ങള്‍!!

എക്സ്പ്രസ്സ്‌വേ സലാം!

Photo and News courtesy: Malayala Manorama: http://www.manoramaonline.com


Comments (4)

Advertise Here
Advertise Here